ആദ്യ വിവാഹം തകർന്നത് അരുണുമായുള്ള ബന്ധത്തിന്റെ പേരിൽ, രണ്ടാമത് ​വിവാഹം കഴിച്ചത് ഗൾഫുകാരനെ, ഞെട്ടലോടെ ഭർതൃവീട്ടുകാർ


തിരുവല്ല: പ്രസവിച്ചു കിടന്ന സ്നേഹയെ കൊല്ലാനുറച്ച് തന്നെയാണ് അനുഷ എത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കാമുകനെ സ്വന്തമാക്കുക എന്നതായിരുന്നു അനുഷയുടെ ലക്ഷ്യമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വിവാഹത്തിന് ശേഷവും കാമുകനുമായുള്ള ബന്ധം തുടർന്ന അനുഷ, കാമുകന് കുഞ്ഞ് ജനിച്ചതോടെ കാമുകൻ തന്നിൽ നിന്നും അകലുമെന്ന് ഭയന്നു. അരുൺ തന്നിൽ നിന്ന് അകലുന്നുവെന്ന തോന്നലാണ് അനുഷയെ ഇതിലേക്കു നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പഠിക്കുന്ന സമയത്താണ് അനുഷയും അരുണും തമ്മിൽ അടുപ്പത്തിലാകുന്നത്. ഇരുവരും വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാൽ, വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് വിവാഹം നടന്നില്ല. തുടർന്ന് അനുഷയുടെ വിവാഹം നടന്നു. അനുഷയുടെ ആദ്യ വിവാഹം കൊല്ലം നീണ്ടകര സ്വദേശിയുമായിട്ടായിരുന്നു. ഏഴു മാസം മാത്രമാണ് ഈ ബന്ധം നീണ്ടത്. അനുഷയുടെ പെരുമാറ്റം പ്രശ്നങ്ങൾ സൃഷ്ടിച്ചു. അരുണുമായി ബന്ധം തുടർന്നതും വിവാഹം വേർപിരിയാൻ കാരണമായി. അനുഷയുടെ രണ്ടാം വിവാഹം ഏഴു മാസം മുൻപായിരുന്നു.

ഗൾഫിൽ ജോലിയുള്ളയാളാണ് ഭർത്താവ്. ഈ വിവാഹത്തിൽ അരുണും സ്നേഹയും പങ്കെടുത്തിരുന്നു. ആദ്യ വിവാഹം വേർപ്പെടുത്തിയപ്പോൾ തന്നെ അരുണിനൊപ്പം ജീവിക്കാൻ അനുഷ ആഗ്രഹിച്ചിരുന്നു. തന്റെ സ്നേഹം അറിയിക്കാനുള്ള മാർഗമായാണു അരുണിന്റെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. അതേസമയം, സംഭവം അറിഞ്ഞ് ഞെട്ടലോടെയിരിക്കുകയാണ് അനുഷയുടെ ഭർതൃവീട്ടുകാർ. ഞെട്ടിപ്പോയെന്ന് ഭർതൃമാതാവ് കുഞ്ഞുമോൾ പറഞ്ഞു.2022 നവംബർ ആറിനായിരുന്നു ഇവരുടെ മകൻ അപ്പുവുമായി അനുഷയുടെ വിവാഹം. ഡിസംബർ 27ന് അപ്പു വിദേശത്തേക്കു മടങ്ങി. അതിനു ശേഷം അനുഷ സ്വന്തം വീട്ടിലേക്ക് മടങ്ങി. അപ്പുവും അനുഷയുമായി നല്ല സ്നേഹത്തിലായിരുന്നു എന്നാണ് ഇവർ വിശ്വസിച്ചിരുന്നത്. എല്ലാവരോടും ചിരിച്ചു കൊണ്ട് ഇടപെടാറുള്ള ‘നല്ലൊരു’ കുട്ടിയായിട്ടാണ് അയൽക്കാരും അനുഷയെ കണ്ടിരുന്നത്.

വൈദ്യശാസ്ത്രത്തിൽ അറിവുള്ള അനുഷ പൂർണ ബോധ്യത്തോടെയാണ് ഈ രീതി അവംലബിച്ചതെന്നു പൊലീസ് പറഞ്ഞു. അനുഷയ്ക്കെതിരേ ആൾമാറാട്ടം, വധശ്രമം, ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന രീതിയിൽ അതിക്രമിച്ചു കടക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ അരുണിനു നേരിട്ടു പങ്കില്ലെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും അനുഷയും അരുണും തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ട്. ഇവർ തമ്മിൽ സ്ഥിരമായി വാട്സാപ്പിൽ ചാറ്റ് ചെയ്യാറുണ്ട്. സംഭവ ശേഷം 2 പേരുടെയും ഫോണിൽ നിന്നു ചാറ്റുകളെല്ലാം നീക്കിയ നിലയിലാണ്. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണു പൊലീസ്. അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

വിചിത്രമായ കൊലപാതക രീതിയാണ് അനുഷ ആസൂത്രണം ചെയ്തത് എന്നതാണ് സംഭവത്തിന്റെ ​ഗൗരവം വർധിപ്പിക്കുന്നത്. ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യുന്നതിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. വധശ്രമത്തിന് ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിന്റെയും പ്രതി അനുഷയുടെയും മൊബൈൽ ഫോണുകൾ പൊലീസ് സൈബർ വിഭാഗം പരിശോധിക്കുകയാണ്.

എയർ എംബോളിസം പ്രയോഗിച്ച് അഴിക്കുള്ളിലായ അനുഷയെ പൊലീസിന് കൂടുതൽ ചോദ്യം ചെയ്യണം. വധശ്രമത്തിന് ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിനോട് അനുവാദം വാങ്ങിയാണ് പ്രതി അനുഷ പരുമല ആശുപത്രിയിൽ എത്തിയത്. പ്രസവശേഷം വിശ്രമിക്കുന്ന ഭാര്യയെ കാണാൻ വരും എന്ന് മാത്രമാണ് പറഞ്ഞത്. കൊലപാതക ശ്രമം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നുവെന്നുമാണ് അരുൺ പൊലീസിൽ മൊഴി നൽകിയത്. ഈ മൊഴി പൊലീസ് നിലവിൽ കണക്കിലെടുത്തെങ്കിലും, കൃത്യമായി മുറി കണ്ടെത്തി എയർ എംപോളിസം പോലെ വമ്പൻ കൊലപാതക പദ്ധതി നടപ്പാക്കാൻ ശ്രമിച്ചതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോ എന്ന് പൊലീസിന് അറിയണം. ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ പിടികൂടിയതിന് തൊട്ടു പിന്നാലെ അനുഷ വാട്സാപ്പ് ചാറ്റുകൾ ക്ലിയർ ചെയ്തിരുന്നു. അനുഷയും മറ്റാരെങ്കിലുമായി ചേർന്ന് സ്നേഹയെ കൊലപ്പെടുത്താൻ പദ്ധതിട്ടോ എന്ന് കണ്ടെത്തണം. അതിന് ചാറ്റുകളും ഫോൺ വിളി രേഖകളും നിർണായകമാണ്. ഇതിനാണ് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.

പ്രതി അനുഷയ്ക്ക പുറമേ സ്നേഹയുടെ ഭർത്താവ് അരുണിന്റെ ഫോണും സൈബർ വിഭാഗം പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിൽ വാങ്ങിയശേഷം അനുഷയെയും അരുണിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യൂം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിടുണ്ട്. ഇതും വിശദമായി പരിശോധിക്കും. അനുഷയുടെ ജാമ്യ അപേക്ഷയും നാളെ തിരുവല്ല മജിസ്ട്രേറ്റ് കോടതി മുൻപാകെ എത്തുന്നുണ്ട്. അതേസമയം, വധശ്രമത്തിന് ഇരയായ സ്നേഹയുടെ ആരോഗ്യ നില തൃപ്തികരമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.

പരുമലയിലെ ആശുപത്രിയിൽ പ്രസവം കഴിഞ്ഞ കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്‌നേഹയെ (24)യെയാണ് കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂർ വെട്ടത്തേരിൽ കിഴക്കേതിൽ അനുഷ (30) നഴ്‌സിന്റെ വേഷത്തിലെത്തി കൊല്ലാൻ ശ്രമിച്ചത്. സ്‌നേഹയുടെ ഭർത്താവ് അരുണിന്റെ സുഹൃത്താണ് അനുഷ.

പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചുകിടന്ന സ്‌നേഹയെ വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ കുഞ്ഞിന് നിറംമാറ്റമുള്ളതിനാൽ ഡോക്ടർമാർ തുടർചികിത്സ നിർദേശിച്ചു. ഇതേ തുടർന്ന് സ്‌നേഹയും അവരുടെ അമ്മയും ആശുപത്രിയിൽ തങ്ങി. ഇരുവരും മുറിയിൽ ഇരിക്കുമ്പോഴാണ് വൈകീട്ട് അഞ്ചുമണിയോടെ നഴ്‌സിന്റെ വേഷത്തിൽ അനുഷ മുറിയിൽ എത്തിയത്. സ്‌നേഹയ്ക്ക് ഒരു കുത്തിവെയ്പുകൂടി ബാക്കിയുണ്ടെന്നും അതെടുക്കാൻ വന്നതാണെന്നും പറഞ്ഞു. തങ്ങൾ ഡിസ്ചാർജായതാണെന്നും ഇനി കുത്തിവെയ്പ് വേണ്ടാ എന്നും പറഞ്ഞെങ്കിലും കേട്ടില്ല. സ്‌നേഹയുടെ കൈയിൽപിടിച്ച് കുത്തിവെയ്‌പെടുക്കാൻ ശ്രമിച്ചതോടെ അമ്മയ്ക്ക് സംശയം തോന്നി. തുടർന്ന് അവർ നഴ്‌സിങ്‌റൂമിലെത്തി വിവരം പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഓടിയെത്തുമ്പോഴേക്കും സ്‌നേഹയുടെ കൈയിൽ രണ്ടുപ്രാവശ്യം സിറിഞ്ച് ഇറക്കിയിരുന്നു. ഞരമ്പ് കിട്ടാത്തതിനാൽ അടുത്തതിന് ശ്രമിക്കുകയായിരുന്നു.

നഴ്‌സുമാരെത്തി കണ്ടപ്പോൾ തന്നെ ആശുപത്രി ജീവനക്കാരിയല്ലെന്ന് മനസ്സിലായി. ആശുപത്രിയിൽ കുത്തിവെയ്പെടുക്കാൻ നിയോഗിച്ചിട്ടുള്ള നഴ്‌സുമാർക്ക് പ്രത്യേക യൂണിഫോമാണ്. എന്നാൽ അനുഷ ധരിച്ചിരുന്നത് അത്തരത്തിലുള്ളതായിരുന്നില്ല. ചോദ്യംചെയ്തതോടെ ഇവർ മുറിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നഴ്‌സുമാർ തടഞ്ഞുവെച്ച് സുരക്ഷാജീവനക്കാരെ അറിയിച്ചു. പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയയാിരുന്നു.

നഴ്‌സിന്റെ വേഷം ധരിച്ചാണ് അനുഷ ആശുപത്രിയിലെത്തിയത്. നഴ്‌സുമാർ ധരിക്കുന്ന കോട്ടിന് പുറമേ ആരും തിരിച്ചറിയാത്തരീതിയിൽ മുഖത്ത് മാസ്‌ക് ധരിച്ചിരുന്നു. മറ്റൊരു തുണി ഉപയോഗിച്ച് തല മറയ്ക്കുകയും ചെയ്തു. കൃത്യം നടത്താനായി സിറിഞ്ച് വാങ്ങിയത് മാവേലിക്കരയിലെ സ്ഥാപനത്തിൽനിന്നാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നഴ്‌സിങ് കോട്ട് കായംകുളത്തുനിന്നും വാങ്ങി. വ്യക്തമായ ആസൂത്രണം നടത്തിയാണ് പ്രതി യുവതിയെ കൊലപ്പെടുത്താൻ ആശുപത്രിയിൽ എത്തിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

ആശുപത്രിയിൽ സ്‌നേഹ താമസിച്ചിരുന്ന മുറിയുടെ വിവരങ്ങൾ അനുഷയ്ക്ക് ലഭിച്ചത് അരുണിൽനിന്നാണെന്നാണ് പ്രാഥമിക സൂചന. സ്‌നേഹയുടെ മുറിയും മറ്റുവിവരങ്ങളും പ്രതിക്ക് കൈമാറിയത് അരുൺ ആയിരുന്നു. എന്നാൽ, കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ പോവുകയാണെന്ന് പറഞ്ഞപ്പോൾ സുഹൃത്തിന് വിവരങ്ങൾ കൈമാറിയതാണെന്നായിരുന്നു ഇതുസംബന്ധിച്ച് അരുണിന്റെ മൊഴി. സംഭവത്തിൽ അരുണിൽനിന്ന് വിശദമായ മൊഴിയെടുക്കും. അതേസമയം, അരുണും അനുഷയും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി ആർക്കും സംശയമുണ്ടായിരുന്നില്ല. സ്‌നേഹയും ഇതുസംബന്ധിച്ച് ആരോടും സംശയങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല.