ക്ഷേത്രക്കുളത്തിൽ 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തി: അരികില്‍ ആത്മഹത്യ കുറിപ്പ് 


കായംകുളം: എരുവ ക്ഷേത്രകുളത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയന്റെ മകൾ വിഷ്ണുപ്രിയയെ (17) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളക്കടവിൽ ശബ്ദം കേട്ട് നാട്ടുകാരെത്തി പെൺകുട്ടിയെ ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ്ടു പഠനം കഴിഞ്ഞ് എൽഎൽബിക്ക് അഡ്മിഷൻ എടുത്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ.

ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്കും അനിയനുമൊപ്പം വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു കുട്ടി. കുളക്കടവിൽ നിന്ന് ലഭിച്ച കത്തിൽ അച്ഛനേയും അമ്മയേയും ഒത്തിരി സ്നേഹിക്കുന്നു എന്ന് എഴുതിയിരിക്കുന്നതായി കണ്ടെത്തി.

അഞ്ചാം ക്ലാസുകാരനായ അനുജൻ ശിവപ്രിയനൊപ്പം വിഷ്ണുപ്രിയ തെരുവിൽ ഉണ്ണിയപ്പം വിൽക്കുന്ന വീഡിയോ നവമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. അമ്മ രാധിക. സഹോദരൻ ശിവപ്രിയൻ.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)