വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം: ഗുരുതര പരിക്ക്
കുണ്ടറ: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കൾ കടിച്ചു കീറി. കുണ്ടറ ഇളമ്പള്ളൂർഏജന്റ് മുക്കിൽ സരോജ നിവാസിൽ തിലകന്റേയും ഇന്ദുവിന്റേയും മകൻ നീരജിനാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്.
കഴിഞ്ഞദിവസം രാവിലെ 9.30-നായിരുന്നു സംഭവം. ആറു നായ്ക്കൾ കൂട്ടത്തോടെയെത്തി കുഞ്ഞിനെ കടിച്ചു വലിക്കുകയായിരുന്നു. നായ്ക്കൾ കടിച്ചു വലിക്കുന്നതിനിടയിൽ കുഞ്ഞ് നിലവിളിച്ചെങ്കിലും ആരും കേട്ടിരുന്നില്ല.
തൊട്ടടുത്ത വീട്ടിൽ പെയിന്റിംഗ് ജോലി ചെയ്തുകൊണ്ടിരുന്ന സന്തോഷ് എന്ന ആളാണ് നിലവിളി കേട്ട് ഓടിയെത്തിയതും ചോരയിൽ ഒളിച്ചു കിടന്ന കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചതും. കുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.