മണിമല: മധ്യവയസ്കനെയും ഭാര്യയെയും തോക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. റാന്നി വടശേരിക്കര പരുത്തിക്കാവ് സ്വദേശികളായ മതുരംകോട്ട് എം.ഒ. വിനീത്കുമാർ (കണ്ണൻ-27), കൊട്ടുപ്പള്ളിൽ കെ.പി. ബിജോയി (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണിമല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
നവംബർ 30-ന് ഇവർ സംഘം ചേർന്ന് വൈകുന്നേരം മണിമല പഴയിടം സ്വദേശിയായ മധ്യവയസ്കനും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി അവരെ ആക്രമിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മണിമല പൊലീസ് കേസെടുക്കുകയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു.
മണിമല എസ്എച്ച്ഒ വി.കെ. ജയപ്രകാശ്, എസ്ഐമാരായ സന്തോഷ് കുമാർ, ബിജോയ് വി. മാത്യു, സിപിഒമാരായ ടോമി സേവ്യർ, ജിമ്മി ജേക്കബ്, ബി.കെ. ബിജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.