വൈക്കത്ത് സ്വകാര്യ കമ്പനിയുടെ ഓഫീസിൽ കയറി ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ചു: പണം തട്ടിയ 21കാരന്‍ അറസ്റ്റിൽ
വൈക്കം: കോട്ടയം വൈക്കത്ത് സ്വകാര്യ കമ്പനിയുടെ ഓഫീസിൽ കയറി ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. തകഴി സ്വദേശി ഡെന്നിസ് എന്ന 21കാരനാണ് പിടിയിലായത്.
ആലപ്പുഴയിലെ തകഴി പടഹാരം ഭാഗത്ത് ശ്യാംഭവൻ വീട്ടിൽ ഡെന്നിസ് ഏഴാം തിയതി രാത്രിയാണ് വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്.
ഡെന്നിസ് ഇത് ഉപയോഗിച്ച് ബാങ്കിൽ നിന്നും പണം പിന്‍വലിക്കുകയും ചെയ്തിരുന്നു. അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതിന് പിന്നാലെ സ്ഥാപനമുടമയുടെ പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞതും പിടികൂടിയതും. വൈക്കം സ്റ്റേഷൻ എസ്.ഐമാരായ സുരേഷ് എസ്, വിജയപ്രസാദ്, സി.പി.ഒ അജീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് എതിരെ കൊല്ലം ഈസ്റ്റ്, പുനലൂർ എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.