75 രൂപ ചെലവഴിച്ചാൽ 4 പേർക്ക് സിനിമ കാണാം! ‘സി സ്പേസിൽ’ വമ്പൻ കിഴിവുകൾ പ്രഖ്യാപിച്ചു


തിരുവനന്തപുരം: 75 രൂപ ടിക്കറ്റ് നിരക്കിൽ 4 പേർക്ക് സിനിമ കാണാനുള്ള അവസരം ഒരുക്കി സി സ്പേസ്. 4 യൂസർ ഐഡികളിലൂടെയാണ് സിനിമ കാണാൻ കഴിയുക. ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് മൊബൈൽ, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. നേരത്തെ 100 രൂപ നിരക്കിലാണ് 4 പേർക്ക് സിനിമ കാണാൻ സാധിച്ചിരുന്നത്. ഈ തുകയാണ് ഇപ്പോൾ 75 രൂപയായി കുറച്ചിരിക്കുന്നത്. സംസ്ഥാന സർക്കാറിന് കീഴിലുള്ള ഒടിടി പ്ലാറ്റ്ഫോമാണ് സി സ്പേസ്.

ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിലാണ് സി സ്പേസിന്റെ പ്രവർത്തനം. രാജ്യത്തെ ആദ്യ സർക്കാർ ഒടിടി എന്ന സവിശേഷതയും സി സ്പേസിന് ഉണ്ട്. തിയേറ്റർ റിലീസിംഗിന് ശേഷമാണ് സിനിമകൾ ഒടിടിയിലേക്ക് എത്തുക. ഈ സംവിധാനം സംസ്ഥാന തിയേറ്റർ വ്യവസായത്തെ യാതൊരു തരത്തിലും ബാധിക്കുകയില്ല. പ്രേക്ഷകന്റെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് മാത്രം തുക നൽകുന്ന ‘പേ വ്യൂ’ സംവിധാനമായതിനാൽ, ഇതിലേക്ക് സിനിമ നൽകുന്ന ഓരോ നിർമ്മാതാവിനും പിന്നീടുള്ള വർഷങ്ങളിൽ ഇതിന്മേലുളള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കും.