മിഷൻ ബേലൂർ മഗ്‌ന: അഞ്ചാം ദിനവും ദൗത്യം തുടർന്ന് വനം വകുപ്പ്, റേഡിയോ കോളറിൽ നിന്നുള്ള പുതിയ വിവരങ്ങൾ പുറത്ത്
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്‌നയെ മയക്കുവെടി വയ്ക്കാനുളള ദൗത്യം അഞ്ചാം ദിവസത്തിലേക്ക്. ആനയെ തേടി ട്രാക്കിംഗ് ടീം വനത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, കാട്ടിക്കുളം പനവല്ലി റോഡിലെ മാനിവയൽ പ്രദേശത്തെ വനത്തിലാണ് ആന ഉള്ളത്. ഇന്നലെ രാത്രി തോൽപ്പെട്ടി-ബേഗൂർ റോഡ് മുറിച്ച് കടന്നാണ് ആന ഈ പ്രദേശത്തേക്ക് എത്തിയിട്ടുള്ളത്. ആദ്യ ദിവസങ്ങളിൽ നിലയുറപ്പിച്ച മണ്ണുണ്ടി, ഇരുമ്പുപാലം എന്നീ പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് മാനിവയൽ. മണ്ണുണ്ടി മുതൽ മാനിവയൽ വരെ ഏകദേശം 8 കിലോമീറ്റർ ചുറ്റളവിലെ വനപ്രദേശത്ത് കൂടി തന്നെയാണ് ആന ഇതുവരെയും സഞ്ചരിച്ചിട്ടുള്ളത്.
ഇന്നലെ രാത്രി 9:30 ഓടെ തോൽപ്പെട്ടി റോഡ് കടന്ന് ആലത്തൂർ-മാനിവയൽ-കാളിക്കൊല്ലി ഭാഗത്തെ വനമേഖലയിലേക്ക് ആന എത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ഈ മേഖലയിലുള്ളവരോട് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിൽ, ബേലൂർ മഗ്‌നയ്ക്കൊപ്പം മറ്റൊരു മോഴയാന കൂടിയുണ്ട്. ഇത് ദൗത്യസംഘത്തിന് വലിയ രീതിയിലുള്ള വെല്ലുവിളിയാണ് ഉയർത്തുന്നത്. ബേലൂർ മഗ്‌നയെ ലക്ഷ്യമിട്ട ദൗത്യസംഘത്തിന് നേരെ ഇന്നലെ ഈ മോഴയാന പാഞ്ഞടുത്തിരുന്നു. ആകാശത്തേക്ക് വെടിയുതിർത്താണ് ഈ ആനയെ ദൗത്യസംഘം തുരത്തിയത്. അഞ്ചാം ദിനമായ ഇന്ന് ആനയെ പിടികൂടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പ്രദേശവാസികൾ.