ഹണിട്രാപ്പ് : കൊല്ലത്ത് യുവാവിന്റെ പണവും സ്വർണവും കവർന്ന സംഭവത്തില്‍ യുവതി അടക്കം നാലുപേർ പിടിയില്‍


കൊല്ലം : ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വർണവും മൊബൈല്‍ ഫോണും കവർന്ന സംഭവത്തില്‍ യുവതി അടക്കം നാലുപേർ പിടിയില്‍. ചവറ പയ്യലവക്കാവ് ത്രിവേണിയില്‍ ജോസഫിൻ ( മാളു, 28), ചവറ ഇടത്തുരുത്ത് നഹാബ് മൻസിലില്‍ നഹാബ് (30), ചവറ മുകുന്ദപുരം അരുണ്‍ ഭവനത്തില്‍ അരുണ്‍ (28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എൻ നിവാസില്‍ അരുണ്‍ (30) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

read also: അടൂരില്‍ എട്ട് വയസുകാരിയുടെ മരണം ഷിഗല്ലയെന്ന് സംശയം

യുവാവിനെ ഫോണില്‍ വിളിച്ച്‌ ബന്ധം സ്ഥാപിച്ച ശേഷം യുവതി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു, കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവുശാലയുടെ അവിടെ എത്തിയ യുവാവിനെ പ്രതികള്‍ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും സ്വർണ മോതിരവും കവരുകയുമായിരുന്നു. തുടർന്ന് യുവാവ് പോലീസിൽ പരാതി നല്‍കി.

ഒന്നാം പ്രതിയായ യുവതി മയക്കുമരുന്ന് കേസില്‍ അടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലം എ,സി.പി അനുരൂപിന്റെ നിർദ്ദേശാനുസരണം ഈസ്റ്റ് എസ്.ഐമാരായ ദില്‍ജിത്ത്, ഡിപിൻ, ആശാ ചന്ദ്രൻ, എസ്.എസ്.ഐ സതീഷ്‌കുമാർ എസ്.സി.പി.ഒ അനീഷ്, സി.പി.ഐ അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.