കൊല്ലം: കൊല്ലത്ത് കൊട്ടാരക്കര എം.സി.റോഡിൽ കലയപുരത്ത് നിർത്തിയിട്ട കാറിനകത്ത് അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. അങ്ങാടിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകൻ പറക്കോട് ജ്യോതിസിൽ മണികണ്ഠൻ (52) ആണ് മരിച്ചത്. കൈകളിൽ പൊള്ളലേറ്റതിന്റെ പോലുള്ള പാടുകൾ ഉണ്ടായിരുന്നു. നിർത്തിയിട്ട കാര് കണ്ട് സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്.
ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ. ഡ്രൈവർ സീറ്റിനു സമീപമുള്ള സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച ഉച്ചമുതൽ കാർ ഇവിടെ ഉണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു.
സംശയം തോന്നിയ നാട്ടുകാർ രാത്രി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി പത്തരയോടെ മൃതദേഹം കാറിൽനിന്ന് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: ജയശ്രീ. മക്കൾ: അമൃത ജ്യോതി, ശിവ നന്ദിത.