അരളിപ്പൂവും ഇലയും കടിച്ച് അല്പം വിഴുങ്ങിയെന്ന് സൂര്യ വെളിപ്പെടുത്തി: നെടുമ്പാശ്ശേരിയിൽ കുഴഞ്ഞുവീണ് മരിച്ച സംഭവം ചർച്ച


ഹരിപ്പാട്: പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ- അനിത ദമ്പതികളുടെ മകൾ സൂര്യ സുരേന്ദ്രൻ (24) മരിച്ചത് അരളിപ്പൂവിൽനിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചെന്ന് പോസ്റ്റ്‌മോർട്ടത്തിലെ സൂചന. അതേസമയം, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ. ഫോൺ സംസാരിക്കവെ, അറിയാതെ അളിപ്പൂവും ഇലയും കടിച്ചെന്നും അല്പം വിഴുങ്ങിയിരുന്നെന്നും സൂര്യ അച്ഛൻ സുരേന്ദ്രനോടും ഡോക്ടർമാരോടും ചികിത്സയിലിരിക്കെ പറഞ്ഞിരുന്നു.ബിഎസ്‌സി നഴ്സിങ് പാസായ സൂര്യയ്ക്കു യുകെയിൽ ജോലി ലഭിച്ചതിനെ തുടർന്നു ഞായറാഴ്ച രാവിലെയാണു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. പോകുന്നതിനു മുൻപ്, എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ട് സൂര്യ യാത്ര പറഞ്ഞിരുന്നു. മൊബൈൽ ഫോണിൽ സംസാരിച്ചു മുറ്റത്തു നടക്കുന്നതിനിടെ ഏതോ ഒരു പൂച്ചെടിയുടെ ഇലയും പൂവും നുള്ളിയെടുത്തു വായിലിട്ടൊന്നു ചവച്ചിരുന്നു. തുപ്പിക്കളയുകയും ചെയ്തു.

ഞായറാഴ്ച്ച ബ്രിട്ടനിലേക്ക് പോകാൻ യാത്രപറഞ്ഞിറങ്ങിയ യുവതി നെടുമ്പാശ്ശേരി എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സൂര്യക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആലപ്പുഴയിലെത്തിയപ്പോൾ ഛർദ്ദിച്ച സൂര്യ ചേർത്തലയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം യാത്ര തുടർന്നു. വിമാനത്താവളത്തിലെത്തിയപ്പോൾ സ്ഥിതി വഷളായതിനാൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുറച്ചു ഭേദമായപ്പോൾ രാത്രിതന്നെ വീട്ടിലേക്കു മടങ്ങി. അതിനിടെ വീണ്ടും പ്രശ്‌നമായി. തുടർന്ന്, പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു.

സൂര്യയുടെ മരണമേൽപിച്ച കടുത്ത ആഘാതത്തിലാണു കുടുംബം. പഠിക്കാൻ സമർഥയായിരുന്ന ഈ പെൺകുട്ടി അവരുടെ ഏക പ്രതീക്ഷയായിരുന്നു. ഹരിപ്പാട് ഗവ.എച്ച്എസ്എസിൽ നിന്നു എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഫുൾ എ പ്ലസ്. ബിഎസ്‌സി നഴ്സിങ്ങിനും ഉന്നത വിജയം. വളരെ കഷ്ടപ്പെട്ടാണു പഠിച്ചത്. നിർമാണത്തൊഴിലാളിയായ പിതാവ് സുരേന്ദ്രൻ ഹൃദ്രോഗി. പള്ളിപ്പാട് പൊയ്യേക്കര ജംക്‌ഷനിൽ ചായക്കട നടത്തുകയാണ് അമ്മ അനിത. ബാങ്ക് വായ്പ എടുത്താണു സൂര്യ പഠിച്ചിരുന്നത്. യുകെയിൽ ജോലി കിട്ടിയതോടെ വീട്ടിലാകെ ആശ്വാസവും ആഹ്‌ളാദവും നിറഞ്ഞു. അപ്രതീക്ഷിത ദുരന്തം ഈ കുടുംബത്തെ പാടെ തകർത്തിരിക്കുന്നു.

അതേസമയം, അരളിയുടെ ഒരിലപോലും ജീവനെടുത്തേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. അലങ്കാരസസ്യമായ അരളി അല്പം സൂക്ഷ്മതയോടെ കൈകാര്യംചെയ്യേണ്ട സസ്യമാണ്. പൂക്കളത്തിൽ മാത്രമല്ല, തുളസിക്കും തെച്ചിക്കുമൊപ്പം ക്ഷേത്രങ്ങളിലെ നിവേദ്യത്തിലും അരളി ഉണ്ടാകാറുണ്ട്. നിവേദ്യം കഴിക്കുമ്പോൾ ഈ പൂക്കളും ഉള്ളിലേക്കെത്താനിടയുണ്ട്. എന്നാൽ, അരളി ഭക്ഷ്യയോഗ്യമല്ലെന്നതാണ് യാഥാർഥ്യം.

അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷാംശമുണ്ട്. പൂക്കളെക്കാൾ മറ്റുഭാഗങ്ങളിലാണ് വിഷാംശമേറുകയെന്ന് വനഗവേഷണകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. പി. സുജനപാൽ പറയുന്നു. ഇവ ശരീരത്തിലെത്തിയാൽ ആരോഗ്യത്തിന് ഹാനികരമാണ്. ശരീരത്തിൽ ഏതളവിൽ ചെല്ലുന്നു എന്നതനുസരിച്ചായിരിക്കും ഗുരുതരാവസ്ഥ. ചെറിയ അളവിൽ അരളിച്ചെടിയുടെ ഭാഗങ്ങൾ വയറ്റിലെത്തിയാൽ വയറിളക്കം, നിർജലീകരണം, ഛർദി തുടങ്ങിയവയാണ് ഉണ്ടാവുക. വലിയ അളവിൽ കഴിച്ചാൽ ഗുരുതരാവസ്ഥയാകും.

പല ക്ഷേത്രങ്ങളും നിവേദ്യപുഷ്പങ്ങളിൽനിന്ന് അരളി ഒഴിവാക്കിയിട്ടുണ്ട്‌. തൃപ്രയാർ ക്ഷേത്രത്തിൽ പത്തു വർഷം മുൻപു തന്നെ നിവേദ്യപൂജയിൽനിന്ന് തന്ത്രി അരളിപ്പൂവിനെ ഒഴിവാക്കിയിരുന്നു. സാധാരണ നിവേദ്യത്തിനൊപ്പം നൽകാറുള്ള തുളസിയില, തെച്ചിപ്പൂവ് എന്നിവയെല്ലാം ഔഷധഗുണമുള്ളതാണ്. പനി, കഫക്കെട്ട് എന്നിവയ്ക്കും മുറിവുണക്കാനും മറ്റും തുളസി സഹായകമാണ്. തെച്ചിപ്പൂവ് ഉദരസംബന്ധിയായ രോഗങ്ങൾ, ആർത്തവസമയത്തെ വേദന, സ്ത്രീരോഗങ്ങൾ തുടങ്ങിയവയ്ക്ക് ഉപകരിക്കും.

അപ്പോസൈനേസ്യ ജനുസിൽപ്പെടുന്ന അരളിയുടെ ശാസ്ത്രീയനാമം നെരിയം ഒലിയാൻഡർ എന്നാണ്. ഈ ജനുസ്സിൽപ്പെടുന്ന ചെടികളിൽ കാണുന്ന പാൽനിറത്തിലുള്ള പശപോലുള്ള ദ്രവത്തിലെ ലെക്റ്റിനുകളാ(പ്രോട്ടീൻ)ണ് വിഷത്തിന് കാരണം. അപ്പോസൈനേസ്യ വിഭാഗത്തിൽപ്പെടുന്ന ചെടികളിലെല്ലാം ഇത് കാണാമെന്ന് തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിലെ ബോട്ടണി വകുപ്പ് അധ്യക്ഷനും ഗവേഷകനുമായ ഡോ. പി.വി. ആന്റോ പറയുന്നു.

അരളിയുടെ ഒരിലപോലും ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാൻ ശേഷിയുള്ളതാണെന്ന് മാവേലിക്കര ഇ.എസ്.ഐയിലെ അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ ആൽബിൻ ജോസഫ് പറയുന്നു. ഇതിൽ ഓലിയാൻഡർ, ഓലിയാൻഡർ ജനിൽ എന്നിങ്ങനെയുള്ള വിഷമാണുള്ളത്. ഇത് ഹൃദയത്തെയും നാഡികളെയും ബാധിക്കാം. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവുകൂടാനും അതുവഴി ഹൃദയസ്തംഭനത്തിനും അരളിയിലെ വിഷം കാരണമാകാമെന്നും ഡോ ആൽബിൻ കൂട്ടിച്ചേർക്കുന്നു.

അരളിയുടെ പൂവിലും ഇലയിലും ഗ്ലൈക്കോസൈഡ് എന്ന വിഷാംശമുണ്ടെന്നും ഇത് ആന്തരിക രക്തസ്രാവമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ.ബി പദ്മകുമാർ പറയുന്നു. ഇത് ഏത് അവയവത്തേയും ബാധിക്കാമെന്നും രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളെ ഗ്ലൈക്കോസൈഡുകൾ നശിപ്പിക്കുമെന്നും പദ്മകുമാർ വ്യക്തമാക്കുന്നു.