കോഴിഫാമിനെതിരെ പരാതി നല്‍കിയതിൽ വൈരാഗ്യം: വീട്ടുവളപ്പിലെ വിഷ്ണുമായയുടെ ആരാധനാകേന്ദ്രം അടിച്ചുതകര്‍ത്തു



ചേർത്തല: കോഴിഫാമിനെതിരെ പരാതി നല്‍കിയതിന്‍റെ വൈരാഗ്യത്തിൽ വീട്ടുവളപ്പിലെ പ്രാർഥനാലയം അടിച്ചു തകർത്തു. ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡില്‍ പറപ്പള്ളി വെളിയില്‍ സുജിത്തിന്റെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ വീട്ടമ്മക്കും മരുമകള്‍ക്കും തലക്ക് പരിക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

സുജിത്തിന്‍റെ ഭാര്യ മഞ്ചു (40), മാതാവ് പ്രശോഭ സുരേന്ദ്രൻ (64) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.30നാണ് സംഭവം.

read also: ഇന്ത്യൻ പ്രീമിയർ ലീഗ് : ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴമൂലം ഉപേക്ഷിച്ചു

പൊലീസ് പറയുന്നതിങ്ങനെ: സുജിത്തിന്‍റെ വീട്ട് വളപ്പിലുള്ള വിഷ്ണുമായയുടെ വെച്ചാരാധനയില്‍ ദുർമന്ത്രവാദം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് അയല്‍വാസികളായ അഞ്ച് സഹോദരങ്ങള്‍ ആക്രമണം നടത്തിയത്. എന്നാല്‍, 2018 മുതല്‍ അയല്‍വാസി മട്ടുമ്മേല്‍ വെളി അനുരുദ്ധൻ വലിയ രീതിയില്‍ കോഴിഫാം നടത്തുന്നതു മൂലം ഇവിടെ നിന്നും വലിയ രീതിയില്‍ ദുർഗന്ധം വരുന്നതിന്‍റെ അടിസ്ഥാനത്തില്‍ വഴക്ക് പതിവാണ്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പും കോഴിഫാമിനെതിരെ അർത്തുങ്കല്‍ പൊലീസില്‍ സുജിത്ത് പരാതി നല്‍കിയിരുന്നു. ഇതിന്‍റെ വൈരാഗ്യം തീർക്കാനാണ് ആക്രമണം നടത്തിയതെന്ന് സുജിത്ത് പറഞ്ഞു.