അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാലിപ്പോൾ അതി ദാരുണമായ ഒരു വാർത്തയാണ് വെളിയിൽ വരുന്നത്. കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി. ഐ.ടി കമ്പനി ജീവനക്കാരിയും തിരുവാരൂർ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ (33)നെയാണ് വിഷാദരോഗത്തിന് ചികിത്സയിലിരിക്കെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഏപ്രിൽ 28ന് തിരുമുല്ലവയലിലുള്ള വി.ജി.എൻ സ്റ്റാഫോഡ് അപ്പാർട്ട്‌മെന്റിലെ ബാൽക്കണിയിൽ ഭക്ഷണം കൊടുക്കുന്നതിനിടെയാണ് രമ്യയുടെ കയ്യിൽനിന്ന് കുഞ്ഞ് താഴേക്ക് വീണത്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റിൽ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് യുവതിക്കെതിരെ രൂക്ഷമായ സൈബറാക്രമണമുണ്ടായത്. മാനസികമായി തളർന്ന രമ്യ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. രമ്യയും മക്കളും രണ്ടാഴ്ച മുമ്പാണ് മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരിച്ചുവന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.