കോഴിക്കോട്: ബുധനാഴ്ച വൈകിട്ടുപെയ്ത കനത്തമഴയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വർഡുകളിൽ വെള്ളംകയറി. മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലാണ് വെള്ളം കയറിത്.അരനൂറ്റാണ്ടിനിടെ ആദ്യമായിട്ടാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം ഇത്തരത്തിൽ കുത്തിയൊഴുകുന്നത്. ഇവിടുത്തെ താഴത്തെനില പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.
വെള്ളം കയറിയതിനെ തുടർന്ന് ചില വാര്‍ഡുകളിലുണ്ടായിരുന്ന കുട്ടികളെ ഉടന്‍തന്നെ മറ്റിടങ്ങളിലേക്ക് മാറ്റി.താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങള്‍, വാര്‍ഡുകള്‍, സ്ത്രീകളുടെ ഐ.സി.യു., അടിയന്തര ശസ്ത്രക്രിയാമുറി, ലിഫ്റ്റുകള്‍, നിരീക്ഷണമുറി, ഒ.പി. വിഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളംകയറിയിട്ടുണ്ട്.
മൂന്ന് മോട്ടോര്‍സെറ്റുകള്‍ എത്തിച്ചാണ് വെള്ളം പമ്പുചെയ്ത് കളഞ്ഞത്. ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികളും മറ്റുജീവനക്കാരുംചേര്‍ന്ന് കേന്ദ്രം പൂര്‍ണമായും ശുചീകരിക്കാനുള്ള പ്രവൃത്തി രാത്രിവൈകിയും തുടര്‍ന്നു.
നവജാതശിശുക്കള്‍ക്കടക്കം പരിചരണം നല്‍കുന്ന പീഡിയാട്രിക് എൻ. ഐ.സി.യു.വിലും വെള്ളംകയറി. ഐ.സി.യു.വിലെ ഒട്ടേറെ ഉപകരണങ്ങള്‍ സ്ഥാപിച്ച മുറിയിലെ വെള്ളം അടിച്ചുകളയാന്‍ ഏറെവൈകി. ഐസൊലേഷന്‍ വാര്‍ഡുകളിലും വെള്ളക്കെട്ടുണ്ടായി. ഇവിടെയുണ്ടായിരുന്ന കുട്ടികളെയും മറ്റിടങ്ങളിലേക്ക് മാറ്റേണ്ടതായിവന്നു. ശൗചാലയങ്ങളിലടക്കം വെള്ളംകയറിയത് രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി.