ബാറുകളുടെ പ്രവർത്തനസമയം കൂട്ടാനും ഒന്നാം തീയതി ബാറുകൾ തുറക്കാനും കോഴ: അസോസിയേഷൻ നേതാവിന്റെ ശബ്ദസന്ദേശം പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർകോഴ വിവാദം. ബാറുകളുടെ പ്രവർത്തന സമയം കൂട്ടാനും ഒന്നാം തീയതിയും ബാറുകൾ തുറന്നു പ്രവർത്തിപ്പിക്കാനും എക്സൈസിന്റെ പരിശോധനകൾ ഒഴിവാക്കാനുമായി ബാറുടമകൾ പണം പിരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരുമെന്നും അതിന് കൊടുക്കേണ്ടവർക്ക് പണം കൊടുക്കണമെന്നും വോയ്സ് മെസേജിൽ പറയുന്നു. ഓരോ ഹോട്ടലും രണ്ടരലക്ഷം രൂപവീതം നൽകണമെന്നാണ് ബാറുടമകളുടെ സംഘടനാനേതാവ് വാട്സാപ് ഗ്രൂപ്പിലേക്കയച്ച സന്ദേശത്തിൽ ആവശ്യപ്പെടുന്നത്.
ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം വ്യാഴാഴ്ച എറണാകുളത്തുചേർന്നിരുന്നു. ഈ യോഗത്തിലെ തീരുമാനമെന്നനിലയിൽ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമെന്നനിലയിലാണ് ആരോപണം പുറത്തുവന്നത്. സംഘടനയുടെ ഇടുക്കി ജില്ലാ ഗ്രൂപ്പിലാണ് ശബ്ദസന്ദേശം ഷെയർ ചെയ്തത്. സംഭവം വിവാദമായതോടെ ഈ സന്ദേശം ഗ്രൂപ്പിൽ നിന്നും ഡിലീറ്റ് ചെയ്തെന്നും റിപ്പോർട്ടുണ്ട്.
ശബ്ദരേഖയിലെ പ്രസക്ത ഭാഗങ്ങൾ:
‘ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, അടുത്തകാലത്ത് തുടങ്ങിയ പുതിയ എക്സൈസ് പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൊടുക്കേണ്ടവർക്ക് പണം കൊടുക്കണം. പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും.അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം. ഇടുക്കി ജില്ലയിൽ നിന്ന് ഒരു ഹോട്ടൽ മാത്രമാണ് 2.5 ലക്ഷം നൽകിയത്.’ ചിലർ വ്യക്തിപരമായി പണം നൽകിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ടിന്റെ ശബ്ദ സന്ദേശത്തിലുണ്ട്.
നേരത്തേതന്നെ ഒരു ബാർ ഹോട്ടലുകാരിൽനിന്ന് രണ്ടരലക്ഷം രൂപവീതം പിരിക്കാൻ സംഘടന തീരുമാനിച്ചിരുന്നു. എന്നാൽ, പലരും പിരിവുനൽകിയില്ല. ഇതേത്തുടർന്നാണ് അംഗങ്ങൾ പിരിവുനൽകണമെന്ന സംഘടനയുടെ കർശനനിർദേശം നേതാവ് ഗ്രൂപ്പിലിട്ടത്. ടൂറിസംമേഖലയെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദേശം ഇതിനകംതന്നെ സർക്കാരിനുമുന്നിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞമാസംചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗം നൽകിയ ശുപാർശകളിലൊന്നാണിത്.
സംസ്ഥാനത്ത് 900-ത്തിനടുത്ത് ബാറുകളാണുള്ളത്. ഭൂരിഭാഗം പേരും പിരിവുനൽകിയാൽത്തന്നെ ഭീമമായ കോഴയാണ് മദ്യനയത്തിൽ ഇളവുവരുത്തുന്നതിനുപിന്നിൽ നടക്കുന്നതെന്ന് ശബ്ദരേഖ തെളിയിക്കുന്നു. കെ.എം. മാണി ധനമന്ത്രിയായിരിക്കെ ബാറുകൾ പൂട്ടാതിരിക്കുന്നതിന് ഉടമകളോട് കോഴ ചോദിച്ചുവെന്ന ഹോട്ടലുടമ ബിജു രമേശിന്റെ ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുകയും മാണിയുടെ രാജിയിൽ കലാശിക്കുകയും ചെയ്തു.