അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല, യുഡിഎഫ്‌നേതാക്കള്‍ക്ക് 8 വര്‍ഷം അധികാരം ഇല്ലാത്തതിന്റെ പ്രശ്‌നം: മന്ത്രി റിയാസ്


കോഴിക്കോട്: ബാര്‍കോഴ ആരോപണം തളളി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

‘മദ്യനയം സംബന്ധിച്ച് പ്രാഥമികമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. യുഡിഎഫ് നേതാക്കന്മാര്‍ക്ക് എട്ടു വര്‍ഷമായി അധികാരത്തില്‍ ഇല്ലാത്തതിന്റെ പ്രശ്‌നമാണ്. അവര്‍ക്ക് ചികിത്സ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. മദ്യനയത്തിലെ ഇളവിന് 25കോടി പിരിവെന്ന ബാര്‍ ഉടമയുടെ ശബ്ദരേഖ സംബന്ധിച്ച് എക്‌സൈസ് മന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു

അതേസമയം, ബാര്‍ കോഴ വിവാദത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന എക്‌സൈസ് മന്ത്രിയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക പരിശോധന തുടങ്ങി. എസ് പി മധുസൂദനനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. പണപ്പിരിവ് ആവശ്യപ്പെട്ടുള്ള ബാറുടമ പ്രതിനിധിയുടെ ഓഡിയോ പുറത്ത് വന്നതില്‍ ഗൂഡാലോചനയുണ്ടെന്നാണ് സര്‍ക്കാറിന്റെ വാദം. ശബ്ദസന്ദേശം ഇട്ട അനിമോനെ സസ്‌പെന്‍ഡ് ചെയ്ത ബാറുടമകളുടെ സംഘടനയും ഗൂഡാലോചന ആരോപിച്ചിരുന്നു.