ചികിത്സപ്പിഴവുകാരണം ഏകമകന്‍ മരിച്ചു: മലയാളി ദമ്പതിമാര്‍ക്ക് നീതി 26 വര്‍ഷത്തിനു ശേഷം


മുംബൈ : ഏകമകന്റെ മരണത്തില്‍ മലയാളികളായ ദമ്പതിമാര്‍ക്ക് 26 വര്‍ഷത്തിനുശേഷം നീതി. മാവേലിക്കര സ്വദേശി ഹരിദാസന്‍പിള്ളയ്ക്കും ഭാര്യ ചന്ദ്രികയ്ക്കും ചികിത്സപ്പിഴവുകാരണം മകന്‍ മരിച്ചതിന് ആശുപത്രി 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷന്‍ വിധിച്ചു.

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള താരാപുര്‍ ആറ്റോമിക് പവര്‍ സ്റ്റേഷന്‍ (ടി.എ.പി.എസ്) ആശുപത്രിയുടെ ചികിത്സയിലെ അശ്രദ്ധകാരണമാണ് മകന്‍ ഹരീഷ് മരിച്ചതെന്ന് തെളിയിക്കാന്‍ മാതാപിതാക്കള്‍ 26 വര്‍ഷമായി പോരാടുകയായിരുന്നു. ആശുപത്രിയുടെ അനാസ്ഥയാണ് ദമ്പതിമാരുടെ മകന്റെ മരണത്തിന് കാരണമായതെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ നിരീക്ഷിച്ചു.

മകന്‍ ഹരീഷ് മരിച്ച 1998 ഓഗസ്റ്റ് മുതല്‍ ഒമ്പതുശതമാനം പലിശ സഹിതം 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ആശുപത്രിയോട് നിര്‍ദേശിച്ചത്. ഓഗസ്റ്റ് 12-ന് ഹരീഷിനെ കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്യൂട്ടി ഡോക്ടര്‍ ഹരീഷിനെ പരിശോധിച്ച് രക്തപരിശോധനയുള്‍പ്പെടെ വിവിധ പരിശോധനകള്‍ നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. ഇതേത്തുടര്‍ന്ന് മകനെ ട്രോംബെയിലെ ബി.എ.ആര്‍.സി. ആശുപത്രിയിലേക്കു മാറ്റണമെന്ന് ഡോക്ടര്‍മാരോട് നിരന്തരം അഭ്യര്‍ഥിച്ചെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു.

ഹരീഷിന്റെ ആരോഗ്യനില വഷളായപ്പോള്‍ ഓഗസ്റ്റ് 16-ന് അദ്ദേഹത്തെ ബിഎ.ആര്‍.സി. ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ഹരീഷിന്റെ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതായും ശ്വാസതടസ്സം രൂക്ഷമായതായും ഡോക്ടര്‍മാര്‍ കണ്ടെത്തി. അവിടെ മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ അവര്‍ ജസ്ലോക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഹരീഷിനെ രക്ഷിക്കാനായില്ല.