കൊല്ലത്ത് ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയില്‍: സാമ്പത്തിക പ്രശ്‌നമെന്ന് സൂചന


കൊല്ലം: കൊല്ലം ചിതറയില്‍ ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയില്‍. ചിതറ പേഴുംമൂട് റോഡുവിള വീട്ടില്‍ ധര്‍മന്‍ (54), ഭാര്യ ദിവ്യ (43) എന്നിവരാണ് മരിച്ചത്. സാമ്പത്തികബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണു വിവരം. സമീപവാസികളായ റിട്ട. പൊലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ക്ക് ഏഴുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പറയുന്നു.

ചിട്ടി നടത്തിയ വകയില്‍ ദിവ്യയും ധര്‍മനും ചിലര്‍ക്ക് പണം നല്‍കാനുമുണ്ടായിരുന്നു. പണം കിട്ടാനുള്ളവര്‍ നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെ ദിവ്യ ഏതാനും ദിവസം ഒളിവിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ഒപ്പിട്ടു നല്‍കിയ ചെക്ക് ദിവ്യയുടെ പക്കലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഈ ചെക്ക് മടങ്ങിയതോടെ ഇവര്‍ കടുത്ത സമ്മര്‍ദത്തിലായെന്നാണ് സൂചന.

മരിക്കുന്നതിനു മുന്‍പ് ദിവ്യ ബന്ധുവിന് അയച്ച ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കും മാറ്റും. മരിച്ച ദമ്പതികളുടെ മകന്‍ വിദേശത്താണ്. പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളുമുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056