കണ്ണൂർ: അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
സംഭവത്തില്‍ അയല്‍വാസികളായ നാല് പേരെ കസ്റ്റഡിയിലെടുത്തു. അയൽവാസി ടി ദേവദാസ്, മകൻ സഞ്ജയ് ദാസ്, മകൻ്റെ രണ്ട് സുഹൃത്തുക്കൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അജയകുമാര്‍ കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കിയത് മൂവരും ചോദ്യം ചെയ്തത് വാക്ക് തരക്കത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.
വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഇവരെ നാട്ടുകാര്‍ പിടിച്ചുമാറ്റിയിരുന്നു. എന്നാല്‍ സംഘം വീണ്ടും അജയ് കുമാറിന്റെ വീട്ടിലേക്ക് തിരിച്ചെത്തുകയും കല്ലും വടികളും ഹെല്‍മെറ്റും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ആശുപത്രിയില്‍ എത്തിക്കും മുമ്പ് അജയകുമാര്‍ മരണപ്പെട്ടു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ ഇവര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ദേവദാസും മക്കളും മദ്യപിച്ചിരുന്നുവെന്ന സംശയം ഇവര്‍ പ്രകടിപ്പിച്ചു.