രാഹുല്‍ പരമശിവനെ അവഹേളിച്ചു, ഏത് വാട്സാപ്പ് യൂണിവേഴ്സിറ്റിയില്‍നിന്നാണ് ഇത്തരം വിവരങ്ങള്‍ കിട്ടിയത്: സുരേന്ദ്രൻ


കൊച്ചി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തില്‍ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാഹുല്‍ ഗാന്ധി ലോകം മുഴുവൻ ഓടിനടന്ന് ഹിന്ദുക്കളെ അവഹേളിക്കുകയാണെന്നും രാഹുലിൻ്റെ പ്രസ്താവന ഹിന്ദുക്കള്‍ക്ക് അപമാനകരമാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

‘ഹിന്ദുക്കള്‍ അക്രമകാരികളാണെന്ന് പറയുന്നത് തീവ്രചിന്താഗതിക്കാരെ സന്തോഷിപ്പിക്കാനാണ്. വസ്തുതാവിരുദ്ധമായ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരണം. പരമശിവനെ അവഹേളിക്കുന്ന പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി നടത്തിയത്. ഏത് വാട്സാപ്പ് യൂണിവേഴ്സിറ്റിയില്‍നിന്നാണ് ഇത്തരം വിവരങ്ങള്‍ കിട്ടിയതെന്ന് അദ്ദേഹം പറയണം. എല്ലാവർക്കും കയറി കൊട്ടാനുള്ള ചെണ്ടയല്ല ഹിന്ദുക്കള്‍. സിഖുക്കാരെ വംശഹത്യ നടത്തിയ പാർട്ടിയാണ് കോണ്‍ഗ്രസ്. അവർക്ക് മതനിരപേക്ഷതയെ പറ്റി പറയാൻ അവകാശമില്ല’- എന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

read also: കേരളത്തില്‍ തീവ്ര ഇടിമിന്നലോടെ മഴ, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; മുന്നറിയിപ്പ്

‘ഹിന്ദു സംസ്കാരത്തെ പറ്റി ഒരു അറിവും രാഹുല്‍ ഗാന്ധിക്കില്ല. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് സനാതന ധർമ്മം. ലോകത്തിൻ്റെ എല്ലാ ഭാഗത്തുനിന്നും ആട്ടിയോടിക്കപ്പെട്ട ഇതര മതക്കാരെ രണ്ടു കയ്യുംനീട്ടി സ്വീകരിച്ചവരാണ് ഹിന്ദുക്കള്‍. രാഹുല്‍ ഗാന്ധി ഹിന്ദുമതത്തെ അവഹേളിച്ചതിനെ കുറിച്ച്‌ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എകെ ആൻ്റണി പ്രതികരിക്കണമെന്നും പാർലമെൻ്റിലും പുറത്തും രാഹുല്‍ മാപ്പു പറയണമെന്നും’- അദ്ദേഹം ആവശ്യപ്പെട്ടു.