കരാട്ടെ പഠിക്കാനെത്തിയ 13കാരിയെ പരിശീലകന്‍ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ദൃശ്യം പകര്‍ത്തി


ചവറ: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടെ പരിശീലകന്‍ പിടിയില്‍. നീണ്ടകര സ്വദേശി രതീഷിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. കരാട്ടെ പഠിക്കാനെത്തിയ കുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കരാട്ടെ പരിശീലനത്തിന് എത്തിയ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ ആണ് രതീഷ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

കരാട്ടെ ക്ലാസില്‍ ജോയിന്‍ ചെയ്തതിന് പിന്നാലെ പതിയെ പെണ്‍കുട്ടിയോട് പ്രതി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്നാണ് കുട്ടിയെ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പീഡന വിവരം പറഞ്ഞ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും ഇയാള്‍ ലൈംഗികാതിക്രമം നടത്തി. ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം പ്രകടമായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പിന്നാലെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചവറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ പ്രതി മൈസൂരുവിലാണെന്ന് പൊലീസ് മനസിലാക്കി. പിന്നാലെ ഇയാളെ നിരീക്ഷിക്കുകയും ട്രെയിന്‍ മാര്‍ഗം പ്രതി കൊല്ലത്ത് എത്തിയ ഉടന്‍ പിടികൂടുകയുമായിരുന്നു. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ രതീഷിനെതിരെ ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More : അടുക്കളയില്‍ പമ്മിയെത്തി, മുളക് പൊടി കണ്ണിലിട്ട് മാലപൊട്ടിച്ചു; തെളിവ് ഒരു പേപ്പര്‍, അര മണിക്കൂറില്‍ പ്രതി പിടിയില്‍