തൃശ്ശൂരിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി, അഞ്ചു മരണം നിരവധിപ്പേർക്ക് പരിക്ക്


തൃശൂർ: തൃശൂർ നാട്ടികയിൽ കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന തടി ലോറി തെരുവിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞു കയറി. 5 പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞു. 7 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവിൽ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. 50കാരനായ കാളിയപ്പൻ, 4 വയസുകാരനായ ജീവൻ, 39 കാരിയായ നാഗമ്മ,
20 വയസ്സുള്ള ബംഗാഴി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. പുലർച്ചെ 4 നാണ് അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു. 7 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നി​ഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.