ഡംബെൽസ് കൊണ്ടു പലതവണ തലയ്ക്കടിച്ചും തലയണ കൊണ്ടു മുഖത്തമർത്തി ശ്വാസം മുട്ടിച്ചും ജെയ്സിയെ കൊലപ്പെടുത്തി
കൊച്ചി: കൂനംതൈയിലെ അപ്പാർട്മെന്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന പെരുമ്പാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടി ജെയ്സി ഏബ്രഹാമിനെ കൊലപ്പെടുത്തിയത് 30 ലക്ഷം രൂപ കൈക്കലാക്കാൻ വേണ്ടി. റിയൽ എസ്റ്റേറ്റ് ഇടപാടുകളുള്ള ജെയ്സി അടുത്തിടെ വിറ്റ വീടിന്റെ 30 ലക്ഷം രൂപയോളം കൈവശമുണ്ടെന്ന ധാരണയിലാണ് തൃക്കാക്കര മൈത്രിപുരം റോഡിൽ 11/347-എയിൽ ഗിരീഷ് ബാബു(45), ഇയാളുടെ കാമുകി എരൂർ കല്ലുവിള ഖദീജ (പ്രബിത–43) എന്നിവർ ചേർന്ന് കൊലപ്പെടുത്താൻ തീരുമാനിച്ചത്.
ഈ മാസം 17നാണ് ഗിരീഷ് ജെയ്സി ഏബ്രഹാമിനെ കൊലപ്പെടുത്തിയത്. പിടിക്കപ്പെടാതിരിക്കാൻ മുൻകരുതലുകളെടുത്തെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗിരീഷും കാമുകിയും കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
പ്രതികൾ ഇരുവരും ഗൂഢാലോചന നടത്തി വൻ ആസൂത്രണത്തോടെയാണു കൊല നടത്തിയതെന്നു പൊലീസ് കണ്ടെത്തി. ഗിരീഷ് ബാബുവാണു കൊല നടത്തിയത്. ഖദീജയ്ക്ക് എതിരെ ഗൂഢാലോചന കുറ്റമാണുള്ളത്. കാക്കനാട് ഇൻഫോപാർക്കിലെ സ്ഥാപനത്തിൽ കസ്റ്റമർ സപ്പോർട്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു എംസിഎ ബിരുദധാരിയായ ഗിരീഷ് ബാബു. ലോൺ ആപ്പുകളിൽ നിന്നു വായ്പയെടുത്തു ധൂർത്തടിച്ചു ജീവിക്കുന്ന ഗിരീഷിന്റെ 85 ലക്ഷം രൂപയിലേറെ വരുന്ന കടബാധ്യത തീർക്കാനുള്ള പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
കിടപ്പുമുറിയിൽ ഡംബെൽസ് കൊണ്ടു പലതവണ തലയ്ക്കടിച്ചും തലയണ കൊണ്ടു മുഖത്തമർത്തി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം കുളിമുറിയിൽ വലിച്ചു കൊണ്ടുവന്ന് ഇടുകയായിരുന്നു എന്നു പൊലീസ് പറയുന്നു. ഗിരീഷ് ബാബുവിന്റെ കാമുകിയാണു ഖദീജ. ഇരുവരുടെയും സുഹൃത്താണു കൊല്ലപ്പെട്ട ജെയ്സി. ഓൺലൈൻ ഡേറ്റിങ് ആപ് വഴി ജെയ്സിയെ ബന്ധപ്പെട്ടു ഫ്ലാറ്റിൽ പലവട്ടം വന്നിട്ടുള്ള ഗിരീഷ് ബാബു അവിടെ വച്ചാണു ഖദീജയെ പരിചയപ്പെടുന്നത്. ആവശ്യക്കാർക്ക് ഇത്തരത്തിൽ സ്ത്രീകളെ എത്തിച്ചു നൽകുന്ന ഏജന്റ് ആയിരുന്നു ജെയ്സി. ഗിരീഷ് ബാബുവും ഖദീജയും ക്രമേണ അടുത്ത സുഹൃത്തുക്കളായി.
ഈ മാസം 17നാണ് ജെയ്സി ഏബ്രഹാമിനെ കൂനംതൈ അമ്പലം റോഡിലുള്ള അപ്പാർട്ട്മെന്റിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഒരു വർഷമായി ജെയ്സി ഏബ്രഹാം ഈ അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്നു താമസം. ഫോണിൽ ലഭിക്കാതെ വന്നതോടെ, കാനഡയിലായിരുന്ന മകൾ അറിയിച്ചതനുസരിച്ച് പൊലീസ് അപ്പാർട്ട്മെന്റിലെത്തിയപ്പോഴാണ് കുളിമുറിയിൽ തലയടിച്ചു വീണ രീതിയിൽ ജെയ്സിയെ കണ്ടെത്തിയത്. പൊലീസ് തന്നെയാണ് ഇവരെ ആശുപത്രിലെത്തിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗിരീഷ് കുമാറും ഖദീജയും അറസ്റ്റിലാകുന്നത്.