കാർത്തികപ്പള്ളിയിൽ വീട്ടമ്മയെ കോടാലി കൊണ്ട് വെട്ടി: അക്രമിയെ കീഴടക്കി യുവാക്കൾ; പ്രതിയെ അറസ്റ്റ് ചെയ്തു


ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മയെ കോടാലി കൊണ്ടാക്രമിച്ച് പരിക്കേൽപ്പിച്ചു. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ച് പ്രതി ആക്രമിക്കുകയായിരുന്നു.

മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണ് പ്രതിയായ രാജൻ. സംഭവത്തിന് പിന്നാലെ പ്രതിയെ തൃക്കുന്നപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. കോടാലി ഉപയോഗിച്ചുള്ള മര്‍ദനത്തിൽ വീട്ടമ്മ താഴെ വീണശേഷവും ആക്രമണം തുടര്‍ന്നു. നാട്ടുകാരെയും സ്ത്രീകളെയും ആക്രമിച്ചതിന് മുമ്പും പ്രതിയായ രാജനെതിരെ കേസെടുത്തിട്ടുണ്ട്.

ദിവസവും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്ന സ്ഥിരം കുറ്റവാളിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോടാലിക്ക് മൂര്‍ച്ഛയില്ലാത്തതിനാലും മര്‍ദനത്തിനിടെ കോടാലിയുടെ പിടിയുടെ ഭാഗം മാത്രം ദേഹത്ത് കൊണ്ടതിനാലുമാണ് വീട്ടമ്മ രക്ഷപ്പെട്ടത്. വീട്ടമ്മയ്ക്ക് കാര്യമായ പരിക്കുകൾ ഇല്ല. പ്രതിയെ സമീപത്തുണ്ടായിരുന്ന യുവാക്കളാണ് കീഴ്പ്പെടുത്തിയത്.