ദിലീപ് നിരപരാധി, പൊലീസ് കള്ളത്തെളിവുണ്ടാക്കിയെന്ന പ്രസ്താവന: ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിനല്‍കി അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹർജിനൽകി. വിചാരണ കോടതിയിലാണ് ഹർജി നൽകിയത്. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയായ നടിയുടെ ഹർജി. കേസിലെ അന്തിമവാദം ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കാനിരിക്കെയാണ് അതിജീവിതയുടെ പുതിയ നീക്കം.
ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. ദിലീപിന് അനുകൂലമായി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. കേസിൽ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു അവർ ആരോപിച്ചത്. അതിനുശേഷം അടുത്തിടെ ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വീണ്ടും ദിലീപിന് അനുകൂലമായി ശ്രീലേഖ രംഗത്ത് വന്നിരുന്നു.
ഇന്നാരംഭിക്കുന്ന പ്രൊസിക്യൂഷൻ വാദം രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. ശേഷം കേസിലെ പ്രതിഭാഗം വാദം ആരംഭിക്കും. ജനുവരി മധ്യത്തോടെ വിചാരണ നടപടികൾ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റിയേക്കും. കേസിൽ സാക്ഷിവിസ്താരം ഒന്നരമാസം മുമ്പ് പൂർത്തിയായിരുന്നു. കോടതിയിൽ ഹാജരാക്കിയ തെളിവുകളുമായി ബന്ധപ്പെട്ട് അന്തിമവാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുമെന്നാണ് സൂചന.
കേസിലെ നിർണായകമായ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി പരിശോധിച്ചവർക്ക് എതിരെ കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് അതിജീവിത കത്തയച്ചിരുന്നു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. 2018 മാർച്ചിൽ ആരംഭിച്ച കേസിന്റെ വിചാരണ നടപടികളാണ്, വർഷങ്ങൾക്കുശേഷം അന്തിമഘട്ടത്തിലേക്ക് എത്തുന്നത്.