ശബരിമലയിൽ ബലൂൺ ജ്യോതി പറത്തിയത് ആശങ്കയുണർത്തി : ആന്ധ്രയിൽ നിന്നുള്ള ഭക്തനെ വിലക്കി പോലീസ്


പത്തനംതിട്ട : ശബരിമലയിൽ ബലൂൺ ജ്യോതി പറത്തിയത് പോലീസിനടക്കം ആശങ്കയുണർത്തി. ആന്ധ്രയിൽ നിന്നെത്തിയ ഒരു ഭക്തനാണ് ഹോട്ട് എയർ പേപ്പർ ബലൂൺ കത്തിച്ച് ശബരിമല ക്ഷേത്രത്തിനുതൊട്ടുതാഴെ ആകാശത്തേക്കു പറത്തിവിട്ടത്.

ആന്ധ്രയിലെ ക്ഷേത്രങ്ങളിൽ ഉത്സവസമയത്തും മറ്റും പറത്തിവിടുന്ന ബലൂണാണിത് . സാധാരണഗതിയിൽ അപകടമൊന്നും വരാനില്ല. ആകാശത്തെത്തി അത് കെടുകയും ചെയ്യും. എന്നാൽ പതിനായിരങ്ങൾ എത്തുന്ന ശബരിമലയിൽ ഒരു ചെറിയ തീപ്പൊരി പോലും വൻ വിപത്തുണ്ടാക്കിയേക്കാം.

ഈ സാഹചര്യത്തിൽ പോലീസ് ഉടൻ സ്ഥലത്ത് എത്തി ഭക്തനെ ചോദ്യം ചെയ്തു. ഇനി ഇത് ആവർത്തിക്കരുതെന്ന് വിലക്കുകയും  കൈയിൽ സ്റ്റോക്കുണ്ടായിരുന്ന മറ്റൊരു ബലൂൺ വാങ്ങിക്കുകയും ചെയ്തു.

അപ്പോഴേക്ക് ആകാശത്തെ ബലൂണിലെ തീ കെട്ടിരുന്നു. കർശന നിരീക്ഷണമാണ് പോലീസ് സന്നിധാനത്തും പമ്പയിലും മറ്റ് പുലർത്തി വരുന്നത്.