ചൈനയിൽ അതിവേഗം പടർന്നുപിടിക്കുന്ന ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്, മൂക്കിലും തൊണ്ടയിലും ഇൻഫെക്ഷൻ വരുത്തുന്ന വൈറസ്
ചൈനയിൽ അതിവേഗം പടർന്നുപിടിക്കുന്ന ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് (HMPV) പുതിയ വൈറസ് അല്ലെന്ന് തിരുവനന്തപുരം വിമൻസ് കോളജിലെ സുവോളജി വിഭാഗം മുൻ മേധാവി മോഹൻകുമാർ. ഏതാണ്ട് അമ്പതിലേറെ വർഷമായി ഈ വൈറസ് ലോകത്ത് സഞ്ചരിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. തണുപ്പ് കാലത്ത് കുട്ടികളിൽ ജലദോഷം വരുത്തുന്ന ഒരിനം ആർഎൻഎ വൈറസാണിത്. 2001ൽ നെതർലന്റിൽ ഈ വൈറസിനെ തിരിച്ചറിഞ്ഞിരുന്നെന്നും 2012 ൽ അമേരിക്കയിലും യൂറോപ്പിലും ഇത് കൂടിയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹൻകുമാർ ഇക്കാര്യം വ്യക്തമാക്കിയത്.
ഇൻഫ്ലുവൻസ വൈറസ് ബാധ പോലെ മൂക്കിലും തൊണ്ടയിലും ഇൻഫെക്ഷൻ വരുത്തുന്ന വൈറസാണിത്. ശരീരത്തിൽ കടന്നാൽ 2-5 ദിവസത്തിൽ തുമ്മലും, തൊണ്ടവേദനയും പനിയുമായി അസുഖം തുടങ്ങും. ഒരാഴ്ച്ച കൊണ്ട് തനിയെ മാറും. തനിയേ അവസാനിക്കുന്ന വൈറസ് ആണ് ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് എന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം..
HMPV പുതിയ വൈറസ് അല്ല.
നേരത്തേ തന്നെ കണ്ടെത്തി ലിസ്റ്റ് ചെയ്ത “Human Meta Pneumo Virus”(ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് ) . ചൈനയിൽ ഡിസംബർ 16 ന് ശേഷം ഇൻഫ്ലുവൻസ കേസുകൾ കൂടിയിരുന്നു. കുട്ടികളിൽ ന്യൂമോണിയ കേസുകളും കൂടുതൽ ഉണ്ടായി. അതിന്റെ കൂട്ടത്തിൽ HMPV യും കൂടുതൽ കണ്ടെത്തി.
ഇത് പുതിയ വൈറസ് ഒന്നും അല്ല. 2001 ൽ നെതർലാൻഡിൽ തിരിച്ചറിഞ്ഞു എങ്കിലും ഏതാണ്ട് 50 വർഷമായി ഇത് ലോകത്ത് സഞ്ചരിക്കുന്നുണ്ട്. തണുപ്പ് കാലത്ത് കുട്ടികളിൽ ജലദോഷം വരുത്തുന്ന ഒരിനം RNA വൈറസ് ആണ് HMPV.