‘അമ്മ’ എന്ന പേരിട്ടത് മുരളിച്ചേട്ടൻ, അതങ്ങനെ തന്നെ വേണം, മുതലാളിമാര്‍ പറയുന്നത് നമ്മള്‍ അനുസരിക്കില്ല: സുരേഷ് ഗോപി


മലയാള സിനിമയിലെ താരസംഘടനയ്ക്ക് ‘അമ്മ’ എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണെന്നും അതങ്ങനെ തന്നെ വേണമെന്നും നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. കൊച്ചിയില്‍ നടന്ന ‘അമ്മ’ കുടുംബ സംഗമം വേദിയില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അടുത്തിടെ ‘എ. എം. എം. എ’ എന്ന തരത്തില്‍ പലരും സംഘടനയെ വിശേഷിപ്പിച്ചതിനു എതിരെയാണ് താരത്തിന്റെ പ്രതികരണം.

‘അമ്മ എന്ന പേര് സംഘടനയ്ക്ക് നല്‍കിയത് സ്വര്‍ഗീയനായ ശ്രീ മുരളിയാണ്. നമ്മുടെ ഒക്കെ മുരളി ചേട്ടന്‍. അതങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളിമാര്‍ പറയുന്നത് നമ്മള്‍ അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത് അതവരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി. ഞങ്ങള്‍ക്ക് അമ്മയാണ്’, എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

read also: ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് സ്ത്രീകൾ മരിച്ചു: മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു

‘1994ല്‍ സംഘടന രൂപീകൃതമായതിന് തൊട്ടുപിന്നാലെ തന്നെ, അടുക്കും ചിട്ടിയോടും കൂടി തുടങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ബഹുമാനപ്പെട്ട മധു സാര്‍ നയിക്കുന്ന അമ്മയായിട്ടാണ് തുടങ്ങിയത്. പിന്നീട് ശ്രീ എംജി സോമന്‍റെ നേതൃത്വത്തിലാണ് സംഘടന സ്ഥാപിതമാകുന്നത്. 95 ജനുവരിയില്‍ അമ്മ ഷോ നടത്തി. അവിടെ നിന്നിങ്ങോട്ട് ഒരുപാട് പേരുടെ ഹൃദയക്കൂട്ടായ്മയായിട്ട് സംഘടന നിലനിന്ന് പോയത്. പ്രവര്‍ത്തനത്തിലൂടെ തിളക്കമാര്‍ജ്ജിച്ച് മുന്നോട്ട് വന്നു’, എന്നും സുരേഷ് ഗോപി പറഞ്ഞു.

അമ്മ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ ശേഷം മോഹന്‍ലാല്‍ പങ്കെടുക്കുന്ന അമ്മയുടെ ആദ്യത്തെ പരിപാടി കൂടിയാണിത്.