എന്‍.എം വിജയന്റെ ആത്മഹത്യ- പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

എന്‍.എം വിജയന്റെ ആത്മഹത്യ: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കല്‍പ്പറ്റ: ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രതിപട്ടികയിലുള്ള മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഐ.സി ബാലകൃഷ്ണന്‍, എന്‍.ഡി. അപ്പച്ചന്‍, കെ.കെ ഗോപിനാഥന്‍ എന്നിവര്‍ക്കാണ കല്‍പ്പറ്റ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

എന്‍.എം.വിജയന്റെ ആത്മഹത്യ കേസില്‍ മൂന്ന് പ്രതികള്‍ക്കെതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നുമുള്‍പ്പെടെയുള്ള ഉപാധികളോടുകൂടിയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയതിന് പിന്നാലെ എം.എല്‍.എ ഐ.സി ബാലകൃഷ്ണനുള്‍പ്പെടെയുള്ള മൂന്ന് പേരും ഒളിവില്‍ പോയിരുന്നു.

എന്‍.എം. വിജയന്റെ ആത്മഹത്യ കേസില്‍ ഐ.സി. ബാലകൃഷ്ണനാണ് ഒന്നാം പ്രതി. എന്‍.ഡി. അപ്പച്ചന്‍ രണ്ടും കെ.കെ. ഗോപിനാഥന്‍ മൂന്നാം പ്രതിയുമാണ്.

എന്‍.എം. വിജയന്റെ മരണത്തെ തുടര്‍ന്ന് പുറത്തുവന്ന ആത്മഹത്യ കുറിപ്പ് അദ്ദേഹം തന്നെ എഴുതിയതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തിലാണ് എം.എല്‍.എയെ കേസില്‍ പ്രതി ചേര്‍ത്തത്.

മുന്‍ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പണം വാങ്ങിയെങ്കിലും ബാധ്യത മുഴുവന്‍ തന്റെ പേരിലായെന്നും കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് ജീവിതം നശിച്ചെന്നും എന്‍.എം. വിജയന്‍ കുറിപ്പില്‍ എഴുതിയിരുന്നു.

ആത്മഹത്യ കുറിപ്പില്‍ ഐ.സി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ എന്‍.എം. വിജയന്‍ പറയുന്നുണ്ട്. ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത് എം.എല്‍.എയാണെന്നും പണം വാങ്ങിയവരില്‍ ഡി.സി.സി സെക്രട്ടറിയും പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

2024 ഡിസംബര്‍ 24നാണ് എന്‍.എം. വിജയന്‍ മാനിസിക വെല്ലുവിളി നേരിടുന്ന മകന് വിഷം നല്‍കി മരണം ഉറപ്പാക്കിയതിന് ശേഷം ആത്മഹത്യ ചെയ്തത്.

Content Highlight: NM Vijayan’s suicide: Anticipatory bail for the accused




Source link