ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സംയുക്ത കിസാന്‍ മോര്‍ച്ച



national news


ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂദല്‍ഹി: കര്‍ഷക നേതാവ് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നും നിരാഹാരസമരം തുടരുന്ന ദല്ലേവാളിന്റെ ജീവന്‍ രക്ഷിണക്കണമെന്നും ആവശ്യപ്പെട്ടാണ് സംയുക്ത കിസാന്‍ മോര്‍ച്ച കത്തയച്ചത്.

നവംബര്‍ 26 മുതല്‍ നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കര്‍ഷക നേതാക്കള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

കര്‍ഷകരുമായി ചര്‍ച്ച നടത്താനോ സുപ്രീം കോടതി ഇടപെടലിനോട് പ്രതികരിക്കാനോ കേന്ദ്രം തയ്യാറാകുന്നില്ലെന്നും പിന്‍വലിച്ച കാര്‍ഷിക നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള ശ്രമത്തിലാണെന്നും കര്‍ഷകര്‍ പറയുന്നു.

പിന്‍വാതില്‍ വഴി പിന്‍വലിച്ച മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാന്‍ ഡ്രാഫ്റ്റ് നാഷണല്‍ പോളിസി ഫ്രേംവര്‍ക്ക് ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് (എന്‍.പി.എഫ്.എ.എം) കൊണ്ടുവന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

എന്‍.പി.എഫ്.എ.എം കൊണ്ടുവരുന്നതുവഴി കാര്‍ഷിക മേഖലയെ സ്വകാര്യവത്ക്കരിക്കാനും ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ക്കും വിട്ടുകൊടുക്കാനുമാണ് ശ്രമമെന്നും കര്‍ഷകര്‍ പറയുന്നു.

കര്‍ഷകരുടെ സ്വാതന്ത്ര്യവും സംസ്ഥാനസര്‍ക്കാരുകളുടെ അധികാരവും ഹനിക്കുന്ന നയമാണിതെന്നും ഇത് കരാര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതും ഭക്ഷ്യ സംസ്‌ക്കരണ വിപണന മേഖലയെ കോര്‍പ്പറേറ്റ് നിയന്ത്രണത്തില്‍ എത്തിക്കുന്നതുമാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ചൂണ്ടിക്കാട്ടി.

കര്‍ഷകരെ ഇത് കൂടുതല്‍ കടക്കെണിയിലേക്ക് എത്തിക്കുമെന്നും ആദായകരമായ താങ്ങുവില ഉറപ്പാക്കുന്നതില്‍ കേന്ദ്രം വിമുഖത കാണിക്കുന്നുവെന്നുമാണ് കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച കൂട്ടിച്ചേര്‍ത്തു.

ദല്ലേവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 111 ഓളം കര്‍ഷകര്‍ ബുധനാഴ്ച മുതല്‍ നിരാഹാരസമരത്തിന് ആഹ്വാനം ചെയ്തിരുന്നു. കേന്ദ്രത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ മാര്‍ച്ചിന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍കരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുമായി ചര്‍ച്ച നടത്തണമെന്നും കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടിരുന്നു.

സമരം ചെയ്യുന്ന കര്‍ഷകരുമായും എല്ലാ കര്‍ഷക സംഘടനകളുമായും പ്രധാനമന്ത്രി ഉടന്‍ ചര്‍ച്ച നടത്തണമെന്നും കര്‍ഷക നേതാവ് ജഗ്ജിത് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണമെന്നും നിരന്തരമായി കര്‍ഷകര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്.

അതേസമയം ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ സഹായം സ്വീകരിക്കാന്‍ ദല്ലേവാള്‍ തയ്യാറായതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ സര്‍ക്കാര്‍ ബലം പ്രയോഗിച്ച് ദല്ലേവാളിനെ മെഡിക്കല്‍ സഹായം നല്‍കാന്‍ കൊണ്ടുപോവാനുള്ള ശ്രമം നടത്തിയിരുന്നു. പിന്നാലെ പ്രതിഷേധമുയര്‍ന്നിരുന്നു.

ദല്ലേവാള്‍ വെള്ളം പോലും കുടിക്കുന്നില്ലെന്നും മള്‍ട്ടി ഓര്‍ഗണ്‍ തകരാറിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്നും ആശങ്കാജനകമാണെന്നും കര്‍ഷകര്‍ അറിയിച്ചിരുന്നു.

കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമുള്ള സമഗ്ര വായ്പ പദ്ധതി എഴുതിത്തള്ളണമെന്നും, സ്മാര്‍ട്ട് മീറ്ററുകള്‍, 300 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും വിളകള്‍ക്ക് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത താങ്ങുവില പ്രഖ്യാപിക്കുക, കാര്‍ഷിക കടാശ്വാസം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദല്ലേവാളടക്കമുള്ള കര്‍ഷകര്‍ സമരം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതലാണ് പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയായ ഖനൗരിയില്‍ രണ്ടാംഘട്ട കര്‍ഷകസമരം ആരംഭിച്ചത്.

Content Highlight: Dallewal’s life should be spared; Samyukta Kisan Morcha sends letter to Prime Minister




Source link