18,000ത്തോളം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ പുറത്താക്കാന്‍ ട്രംപ്; നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍



World News


18,000ത്തോളം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ പുറത്താക്കാന്‍ ട്രംപ്; നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍

വാഷിങ്ടണ്‍: അനധികൃതമായി യു.എസില്‍ കഴിയുന്ന കുടിയേറ്റക്കാരെ പുറത്താക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്ന് കുടിയിറക്കപ്പെടുന്ന ഇന്ത്യക്കാരെ സ്വീകരിക്കാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍. മതിയായ രേഖകള്‍ ഇല്ലാതെ ഏകദേശം 18000ത്തോളം ഇന്ത്യക്കാരാണ് യു.എസില്‍ കഴിയുന്നത്. ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇരുരാജ്യങ്ങളും സംയുക്തമായി ശ്രമിക്കും എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

എന്നാല്‍ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം 18000ത്തിലധികം ആവാനാണ് സാധ്യത. സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ അനധികൃത കുടിയേറ്റത്തെ ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച ട്രംപ്, അതിര്‍ത്തികളില്‍ മതില്‍ നിര്‍മിക്കാനും തടങ്കല്‍ പാളയങ്ങള്‍ ഒരുക്കാനും പെന്റഗണിനോട് ഉത്തരവിട്ടിരുന്നു. കൂടാതെ ആവശ്യാനുസരണം അതിര്‍ത്തിയിലേക്ക് സൈനികരെ അയയ്ക്കാന്‍ പ്രതിരോധ സെക്രട്ടറിക്ക് അധികാരവും നല്‍കിയിരുന്നു.

‘എന്റെ ഏറ്റവും പ്രധാനപ്പെട്ട കടമകളിലൊന്ന്, നിയമവിരുദ്ധമായ കുടിയേറ്റങ്ങളില്‍ നിന്നും പുനരധിവാസങ്ങളില്‍ നിന്നും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുക എന്നതാണ്. അമേരിക്കയിലേക്കുള്ള വിദേശികളുടെ അനധികൃത കുടിയേറ്റം തടയാന്‍ എന്റെ ഭരണകൂടം ലഭ്യമായ എല്ലാ വഴികളും ഉപയോഗിക്കും,’ ട്രംപ് പറഞ്ഞു.

അതേസമയം യു.എസിലേക്കുള്ള ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റം പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്നത് മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തൊഴില്‍, മൊബിലിറ്റി കരാറുകളെ പ്രതികൂലമായി ബാധിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപ വര്‍ഷങ്ങളില്‍ തായ്വാന്‍, സൗദി അറേബ്യ, ജപ്പാന്‍, ഇസ്രഈല്‍ തുടങ്ങിയ രാജ്യങ്ങളുമായി മൈഗ്രേഷന്‍ കരാറുകളില്‍ ഒപ്പുവെച്ചിരുന്നു.

2024ലെ പ്യൂ റിസര്‍ച്ച് റിപ്പോര്‍ട്ട് അനുസരിച്ച് മെക്‌സിക്കോയ്ക്കും എല്‍ സാല്‍വഡോറിനും ശേഷം യു.എസിലെ ഏറ്റവും വലിയ മൂന്നാമത്തെ അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യക്കാരാണ്, 725,000 പേര്‍. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നതായി യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനിന്റെ ഡാറ്റകളില്‍ പറയുന്നുണ്ട്.

കുടിയേറ്റം കുറവായ യുഎസിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിയമവിരുദ്ധമായ ക്രോസിങ്ങുകള്‍ വര്‍ധിച്ചു വരുന്നതും യു.എസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വടക്കന്‍ ഭാഗത്തിലൂടെ കുടിയേറ്റം ചെയ്യുന്നവരില്‍ നാലിലൊന്ന് ഇന്ത്യക്കാരാണ്.

Content Highlight: Trump to Deport 18000 Illegal Indian Immigrants; The central government has started trying to bring them home




Source link