15
July, 2025

A News 365Times Venture

15
Tuesday
July, 2025

A News 365Times Venture

ഭക്ഷണം കഴിക്കുകയായിരുന്നു, പെട്ടെന്നൊരാൾ എൻ്റെ ഭർത്താവിന് നേരെ വെടിയുതിർത്തു- പഹൽ​ഗാം ഭീകരാക്രമണത്തിൽ ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ

Date:



national news


ഭക്ഷണം കഴിക്കുകയായിരുന്നു, പെട്ടെന്നൊരാൾ എൻ്റെ ഭർത്താവിന് നേരെ വെടിയുതിർത്തു: പഹൽ​ഗാം ഭീകരാക്രമണത്തിൽ ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ

ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിൽ ഞെട്ടൽ വിട്ടുമാറാതെ ദൃക്സാക്ഷികൾ. ഭീകരർ പുരുഷന്മാരെയായിരുന്നു കൂടുതലായി ലക്ഷ്യം വെച്ചതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. താനും തൻ്റെ ഭർത്താവും സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടയിൽ ലഘുഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് ഭർത്താവിന് നേരെ ആക്രമണം ഉണ്ടായതെന്ന് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട യുവതി പറഞ്ഞു.

മധുവിധു ആഘോഷിക്കാനെത്തിയതായിരുന്നു ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നർവാളും ഭാര്യയും. ഇരുവരുടെയും വിവാഹം ഏപ്രിൽ 16നായിരുന്നു കഴിഞ്ഞത്. ആക്രമണത്തിൽ വിനയ് നർവാൾ കൊല്ലപ്പെട്ടു. ‘ഞങ്ങൾ ഭേൽപൂരി കഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരാൾ ഞങ്ങൾക്ക് നേരെയെത്തി വെടിയുതിർത്തു. രക്തം തൻ്റെ ദേഹത്തേക്ക് തെറിച്ചപ്പോഴാണ് ഭർത്താവിന് വെടിയേറ്റത് മനസിലായത്,’ അവർ പറഞ്ഞു. ഭർത്താവിന്റെ മൃതദേഹത്തിനടുത്തിരിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

തന്റെ കണ്മുന്നിൽവെച്ചാണ് ഭർത്താവ് മഞ്ചുനാഥ് റാമിനെ ഭീകരർ വെടിവെച്ചതെന്ന് കർണാടകം സ്വദേശി പല്ലവി പറഞ്ഞു.

‘ഭ‍ർത്താവ് വെടിയേറ്റ് മരിച്ച് വീണത് എന്‍റെ കൺമുന്നിലാണ്. എന്റെ ഭർത്താവിനെ കൊന്നില്ലേ നിങ്ങൾ, എന്നെ കൂടി കൊല്ലൂ എന്ന് ആക്രമികളോട് കാലുപിടിച്ച് ഞാൻ പറഞ്ഞു,’ പല്ലവി പറഞ്ഞു.

കർണാടകയിലെ ശിവമോഗയിൽ നിന്നും അവധിക്കാലം ആഘോഷിക്കാനായി ഭർത്താവിനും കുഞ്ഞിനുമൊപ്പം കശ്മീരിലെത്തിയതാണ് പല്ലവി. ഭർത്താവ് മഞ്ചുനാഥ് റാമിനെ തന്റെ കൺമുന്നിലിട്ടാണ് ആക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പല്ലവി വേദനയോടെ പറയുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ഭർത്താവിനും മകനുമൊപ്പം കശ്മീരിലേക്ക് പോയിരുന്നു. പഹൽ​ഗാമിൽ വെച്ചാണ് തങ്ങൾ ആക്രമണത്തിനിരയായതെന്നും പല്ലവി പറഞ്ഞു. മൂന്നോ നാലോ പേർ‌ ചേർന്നാണ് വെടിയുതിർ‌ത്തത്.

‘നിന്നെ ഞങ്ങൾ കൊല്ലില്ല. ഈ ആക്രമണം നീ കാണണം. ഇത് നിന്റെ മോദിയോട് പോയി പറയണമെന്ന് ആക്രമികൾ എന്നോട് ആക്രോശിച്ചു,’ പല്ലവി പറഞ്ഞു. നിലവിൽ ജമ്മു കശ്മീർ പൊലീസിന്‍റെ സംരക്ഷണയിലാണ് പല്ലവിയും മകനും. നാട്ടുകാരാണ് തങ്ങളെ രക്ഷിച്ചതെന്ന് പല്ലവി പറഞ്ഞു.

പരമ്പരാഗത കശ്മീരി വസ്ത്രത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴായിരുന്നു തങ്ങളുടെ കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായതെന്ന് പൂനെയിൽ നിന്നുള്ള അഞ്ചംഗ കുടുംബത്തിൽ നിന്നുള്ള സ്ത്രീ പറഞ്ഞു.

‘തീവ്രവാദികൾ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് വെടിവയ്ക്കാൻ തുടങ്ങി. എന്റെ അച്ഛനെയും അമ്മാവനെയും അവർ വെടിവെച്ചു. ഭീകരർ പുരുഷന്മാരെ ആയിരുന്നു കൂടുതലും ആക്രമിച്ചത്. 26/11 മുംബൈ ആക്രമണത്തിന് സമാനമായിരുന്നു അത്. ലോക്കൽ പൊലീസിന്റെ യൂണിഫോം ധരിച്ചിരുന്ന അവർ സൈനികർ ധരിക്കുന്നതിന് സമാനമായ പ്രിന്റ് ചെയ്ത മാസ്കുകളും ധരിച്ചിരുന്നു,’ അവർ പറഞ്ഞു. ഹിന്ദുക്കൾ കാരണം തങ്ങളുടെ മതം അപകടത്തിലാണെന്ന് അക്രമികൾ അവകാശപ്പെട്ടതായി അവർ കൂട്ടിച്ചേർത്തു.

ഇന്നലെ ഉച്ചയോടായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. അതിൽ 27 പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്നു. പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലാണ്. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച വ്യക്തമാക്കി. ആക്രമണം നടത്തിയവര്‍ക്ക് കഠിനമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. സുരക്ഷ ഏജന്‍സികളുമായി അടിയന്തര സുരക്ഷാ അവലോകന യോഗം ചേരാന്‍ അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

സ്ഥിതിഗതികള്‍ നേരിടാന്‍ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി മോദി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി സാന്ദർശനം വെട്ടിക്കുറച്ച് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. 7:30 ആകുമ്പോഴേക്കും പ്രധാനമന്ത്രി ഇന്ത്യയിലെത്തിയിട്ടുണ്ട്. കശ്മീരിൽ ഇന്ന്  വിവിധ രാഷ്ട്രീയ പാർട്ടികൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട് .

27 പേരുടെ മൃതദേഹം ശ്രീനഗറിലെത്തിച്ചിട്ടുണ്ട്. അമിത്ഷാ ഇന്ന് മൃതദേഹങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കും.

 

 

Content Highlight: Terrorist attack on tourists in Jammu and Kashmir: 28 killed




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related