national news
സി.ബി.ഐയിലുള്ള ജനവിശ്വാസം കുറയുന്നു, ആരും ചോദ്യം ചെയ്യാനില്ലെന്ന ധാരണയാണ് ഉദ്യോഗസ്ഥര്‍ക്ക്: മദ്രാസ് ഹൈക്കോടതി
ചെന്നൈ: രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന് മദ്രാസ് ഹൈക്കോടതി.
സി.ബി.ഐയുടെ നിലവിലെ അന്വേഷണ രീതികള്‍ പൊതുജനവിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നും സി.ബി.ഐയെക്കുറിച്ചുള്ള നല്ല പ്രതിച്ഛായ തകര്‍ന്നിരിക്കുകയാണെന്നും കോടതി പറഞ്ഞു. ജനവിശ്വാസം വീണ്ടെടുക്കാന്‍ സി.ബി.ഐയുടെ പ്രവര്‍ത്തനം പുനഃപരിശോധിക്കണമെന്നും നവീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
രാജ്യത്തെ ഒരു പ്രധാന അന്വേഷണ ഏജന്‍സിയാണ് സി.ബി.ഐ. ഗുരുതരമായ ഒരു പ്രശ്നമോ വിവാദമോ ഉണ്ടാകുമ്പോള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് ജനങ്ങള്‍ക്ക് ആ ഏജന്‍സിയില്‍ വലിയ വിശ്വാസമാണ് ഉണ്ടാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇപ്പോള്‍ സി.ബി.ഐയുടെ പ്രവര്‍ത്തന സംസ്‌കാരം എല്ലാവരെയും വിമര്‍ശനം ഉന്നയിക്കുന്നതിലേക്ക് നയിക്കുന്നുവെന്നും കോടതി പറഞ്ഞു.
കേസില്‍ അനാവശ്യമായ പ്രതികളെ ഉള്‍പ്പെടുത്തല്‍, പ്രധാനപ്പെട്ട പ്രതികളെ ഒഴിവാക്കല്‍, തെളിവുള്ള സാക്ഷികളെ വിസ്തരിക്കാതിരിക്കല്‍, തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗൗരവ കുറവ്, ശാസ്ത്രീയ തെളിവുകള്‍ ഉപയോഗപ്പെടുത്താതിരിക്കല്‍ തുടങ്ങിയ വിമര്‍ശനങ്ങളും സി.ബി.ഐക്കെതിരെ ഹൈക്കോടതി ഉയര്‍ത്തി.
പൊതുജനവിശ്വാസം നിലനിര്‍ത്താന്‍ സി.ബി.ഐയും മറ്റ് അന്വേഷണ ഏജന്‍സികളും കൂടുതല്‍ ഉത്തരവാദിത്തത്തോടെയും നിയമപരമായ സമത്വത്തോടെയും പ്രവര്‍ത്തിക്കണമെന്നും കോടതി വ്യക്തമാക്കി.
കൂടാതെ ആകാശത്തോളം അധികാരമുണ്ടെന്നും തങ്ങളെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നുമാണ് ചില സി.ബി.ഐ ഉദ്യോഗസ്ഥര്‍ കരുതുന്നതെന്ന് ജസ്റ്റിസ് കെ.കെ രാമകൃഷ്ണന്‍ വിമര്‍ശിച്ചു. ഇതോടൊപ്പം അന്വേഷണങ്ങളുടെ മേല്‍നോട്ടം കാര്യക്ഷമമല്ലെന്നും തെളിവ് ശേഖരണത്തില്‍ പക്ഷപാതപരമായ സമീപനമുണ്ടെന്നും കോടതി കണ്ടെത്തി.
കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോടിയായി നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിയമപരമായി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലും ശാസ്ത്രീയ പരിശീലനങ്ങള്‍ നല്‍കുന്നതിനും പ്രത്യേക നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സി.ബി.ഐ ഡയറക്ടര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം.
കേസില്‍ തെളിവുകളും ആരോപണങ്ങളുമുണ്ടായിട്ടും ചിലര്‍ മാത്രം ശിക്ഷിക്കപ്പെട്ടതിനെയും കോടതി വിമര്‍ശിച്ചു. ഇതിനുപുറമെ കേസിലെ അന്വേഷണം ന്യായപരമായിരുന്നില്ലെന്നും അപ്പീലുകള്‍ അനുവദിക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlight: Madras High Court says there are serious lapses in the activities of the CBI