Kerala News
കാരണം അറിയിക്കാതെയുള്ള അറസ്റ്റ് മൗലികാവകാശ ലംഘനം: ഹൈക്കോടതി
കൊച്ചി: കാരണം അറിയിക്കാതെയുള്ള അറസ്റ്റ് മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി. നടപടിക്ക് വിധേയമാകുന്ന വ്യക്തിയെ അറസ്റ്റിനുള്ള കാരണം അറിയിക്കുന്നത് ഔപചാരികതയല്ലെന്നും ഭരണഘടനാപരമായും നിയമപരമായും അനിവാര്യമായ കാര്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് വിധി പുറപ്പെടുവിച്ചത്.
2024 ഒക്ടോബര്‍ രണ്ടിന് ലഹരിക്കേസില്‍ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തയാളുടെ പിതാവും നിക്ഷേപത്തട്ടിപ്പ് കേസില്‍ ഫെബ്രുവരിയില്‍ പത്തനംതിട്ട കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത സ്ത്രീയുടെ മാതാവും നല്‍കിയ ഹരജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്ത നടപടി ഭരണഘടനയുടെ ലംഘനമാണെന്നും കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും ഹരജി നല്‍കിയത്.
ഹരജി പരിഗണിച്ച കോടതി കസ്റ്റഡിയിലുള്ള രണ്ട് പ്രതികളെയും ഉടന്‍ വിട്ടയക്കണമെന്നും ഉത്തരവിട്ടു. അതേസമയം കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് നിയമപ്രകാരം പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിന് ഉത്തരവ് തടസമല്ലെന്നും കോടതി വ്യക്തമാക്കി. ഇന്നലെ (വെള്ളി)യാണ് കോടതി പ്രസ്തുത വിധി പുറപ്പെടുവിച്ചത്.
നേരത്തെ രണ്ട് പ്രതികളുടെയും ജാമ്യാപേക്ഷ വിചാരണ കോടതികള്‍ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അറസ്റ്റിനുള്ള കാരണം എഴുതി നല്‍കുന്നത് ഉചിതമായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ കേസുകളില്‍ അങ്ങനെയൊരു നടപടി ഉണ്ടായിട്ടില്ല. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
അറസ്റ്റിനുള്ള കാരണം വാക്കാല്‍ പറഞ്ഞുവെന്ന പ്രോസിക്യൂഷന്‍ വാദം പരാജയപ്പെട്ടതോടെയായിരുന്നു കോടതിയുടെ നിരീക്ഷണം. കാരണം അറിയിച്ചതിന് ശേഷമായിരിക്കണം അറസ്റ്റെന്ന് ഭരണഘടന അനുച്ഛേദം 22(1) വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
Content Highlight: Arrest without explanation is a violation of fundamental rights: High Court