national news
പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ ഞായറാഴ്ച അവസാനിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജം; കാലഹരണ തീയതിയില്ലെന്ന് ഇന്ത്യന്‍ സൈന്യം
ന്യൂദല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ധാരണക്കരാര്‍ ഇന്ന് (ഞായര്‍) അവസാനിക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ഇന്ത്യ. സംഘര്‍ഷം നിര്‍ത്തലാക്കികൊണ്ട് ഇരുരാജ്യങ്ങളും ധാരണയിലെത്തിയ കരാറിന് കലഹരണ തീയതിയില്ലെന്ന് സൈന്യം അറിയിച്ചു.
പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സുമായി ഉണ്ടാക്കിയ കരാറിന് കലഹരണ തീയതിയില്ലെന്നാണ് സൈന്യം അറിയിച്ചത്.
‘ഡി.ജി.എം.ഒമാരുടെ യോഗത്തില്‍ തീരുമാനിച്ചതുപോലെ, ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ധാരണ തുറന്ന സ്വഭാവത്തോട് കൂടിയുള്ളതാണ്. കാലഹരണ തീയതിയില്ല,’ ഇന്ത്യ പറഞ്ഞു.
എന്നാല്‍ ഇന്ത്യയുടെ തുടര്‍നടപടികള്‍ പാകിസ്ഥാന്റെ ഭാവിയിലെ പെരുമാറ്റത്തിന് അനുസരിച്ചായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരനുള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.
ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സേനകള്‍ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. മുസാഫറാബാദ്, ബഹവല്‍പൂര്‍, കോട്ലി, ചക് അമ്രു, ഗുല്‍പൂര്‍, ഭീംബര്‍, മുരിഡ്‌കെ, സിയാല്‍കോട്ടിനടുത്തുള്ള ക്യാമ്പ് എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന് തെളിവ് ലഭിച്ചതോടെയാണ് ഇന്ത്യന്‍ സേനകള്‍ പാകിസ്ഥാനെ തിരിച്ചടിച്ചത്. കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കത്തിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നല്‍കിയത്.
ജെയ്ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരകേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്.
ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഷെല്‍-ഡ്രോണ്‍ ആക്രമണങ്ങളും നടത്തിയിരുന്നു. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാനില്‍ ഏകദേശം 100ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിനുപിന്നാലെയാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ തീരുമാനത്തിലെത്തുന്നത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യത്തെ പ്രമുഖ മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വ്യാജര്‍വാര്‍ത്തകള്‍ നല്‍കി ജനങ്ങളില്‍ ഭീതി പടര്‍ത്തിയിരുന്നു. ആറോളം ദേശീയ മാധ്യമങ്ങള്‍ക്കെതിരെ പരാതി ഫയല്‍ ചെയ്തിരുന്നു.
Content Highlight: Reports that ceasefire agreement with Pakistan will end on Sunday are false; Indian Army says there is no expiry date