World News
സിറിയയിലെ അമേരിക്കന്‍ സൈനികവ്യൂഹത്തിന് മേല്‍ ‘കാഫിര്‍’ പ്രത്യക്ഷപ്പെട്ട സംഭവം; അന്വേഷണം ആരംഭിച്ച് യു.എസ്
ദമാസ്‌ക്കസ്: വടക്കന്‍ സിറിയയില്‍ അമേരിക്കന്‍ സഖ്യസേനയുടെ വാഹനവ്യൂഹത്തില്‍ ‘കാഫിര്‍’ എന്ന വാക്ക് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞയാഴ്ചയാണ് അന്വേഷണത്തിനാസ്പദമായ സംഭവം നടന്നത്. ഹസാക്ക നഗരത്തിന് സമീപം പട്രോളിങ് നടത്തിയിരുന്ന ഒരു യു.എസ് സൈനിക വാഹനത്തിന്റെ മുന്‍വശത്ത് ഒരു കുരിശും കാഫിര്‍ എന്ന വാക്കും കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഇത്തരത്തിലുള്ള അടയാളപ്പെടുത്തലുകള്‍ യു.എസ് പ്രതിരോധ വകുപ്പിന്റെ നയത്തിന്റെ ലംഘനമാണെന്ന് കമ്പൈന്‍ഡ് ജോയിന്റ് ടാസ്‌ക് ഫോഴ്സ്-ഓപ്പറേഷന്‍ ഇന്‍ഹെറന്റ് റിസോള്‍വ് (സി.ജെ.ടി.എഫ്-ഒ.ഐ.ആര്‍) പ്രസ്താവനയില്‍ പറഞ്ഞു.
നിയമലംഘനത്തില്‍ ടാസ്‌ക് ഫോഴ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ അന്തിമ ഘട്ടത്തില്‍ സൈനിക നീതിയുടെ ഏകീകൃത കോഡ് പ്രകാരം അച്ചടക്ക നടപടികള്‍ ഉണ്ടാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.
സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലെ ഐ.എസിന്റെ സാന്നിധ്യം ഇല്ലാതാക്കാന്‍ 2014 ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിച്ച യു.എസ് നേതൃത്വത്തിലുള്ള സഖ്യസേനയാണ് സി.ജെ.ടി.എഫ്-ഒ.ഐ.ആര്‍. നിലവില്‍ സൈനിക വ്യൂഹത്തില്‍ കാഫിര്‍ എന്ന എഴുത്ത് പ്രത്യക്ഷപ്പെട്ടതില്‍ യു.എസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സിറിയന്‍ ആഭ്യന്തരയുദ്ധകാലത്ത് ഇസ്‌ലാമിക് സ്റ്റേറ്റും (ഐ.എസ്) മറ്റ് തീവ്രവാദ ഗ്രൂപ്പുകളും അവരുടെ പ്രചാരണത്തിനായി പതിവായി ഉപയോഗിച്ചിരുന്ന വാക്കാണ് കാഫിര്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിറിയയില്‍ ഇപ്പോള്‍ ഐ.എസിന്റെ സാന്നിധ്യമില്ല. ഈ പശ്ചാത്തലത്തില്‍ എങ്ങനെയാണ് യു.എസ് വാഹനവ്യൂഹത്തില്‍ കാഫിര്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് സി.ജെ.ടി.എഫ്-ഒ.ഐ.ആര്‍ അന്വേഷിക്കുന്നത്.
അടുത്തിടെ സിറിയയിലെ സൈനിക സാന്നിധ്യം കുറയ്ക്കുമെന്നും ഹസാക്കയിലെ എട്ട് സൈനിക താവളങ്ങള്‍ മൂടാനായി കുറയ്ക്കുമെന്നും രാജ്യത്തെ യു.എസ് പ്രത്യേക പ്രതിനിധി തോമസ് ബരാക് അറിയിച്ചിരുന്നു.
യു.എസിന്റെ ഇപ്പോഴത്തെ സിറിയന്‍ നയം കഴിഞ്ഞ 100 വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബരാക്കിന്റെ പ്രഖ്യാപനം.
നിലവില്‍ സിറിയയില്‍ ഏകദേശം 2,000 അമേരിക്കന്‍ സൈനികരുണ്ടെന്നാണ് കണക്കാക്കുന്നത്. അമേരിക്ക സൈനിക വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ ഈ എണ്ണം പകുതിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: US launches investigation into ‘Kafir’ sighting over US military convoy in Syria