Kerala News
മത്സ്യത്തൊഴിലാളികള്‍ക്കുള്ള പഞ്ഞമാസ ധനസഹായം; 20.94 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസങ്ങളില്‍ ലഭിക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ സഹായധന വിതരണം ആരംഭിച്ചു. പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ്യാന്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അനുമതി നല്‍കി. ഇതിനായി 20.94 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.
മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും അവരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതുപ്രകാരം
ഓരോ ഗുണഭോക്താവില്‍ നിന്നും 1,500 രൂപ ഉപഭോക്തൃ വിഹിതമായി സമാഹരിക്കും. തുടര്‍ന്ന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തുല്യമായി 1,500 രൂപ വീതം ചേര്‍ത്ത്, ഗുണഭോക്താക്കള്‍ക്ക് മൊത്തം 4,500 രൂപ നല്‍കും.
മറൈന്‍ മേഖലയിലെ പഞ്ഞമാസങ്ങളായ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ കാലയളവിലാണ് ധനസഹായം ലഭിക്കുക. ഉള്‍നാടന്‍ മേഖലയിലെ പഞ്ഞമാസങ്ങളായ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും സര്‍ക്കാര്‍ ധനസഹായം അനുവദിക്കും. മറൈന്‍ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായം വിതരണം ചെയ്ത് തുടങ്ങിയതായാണ് വിവരം.
പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല അതത് മേഖലയിലെ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍മാര്‍ക്കാണ്. പദ്ധതി ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രി സജി ചെറിയാന്‍ മേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഉള്‍നാടന്‍ മത്സ്യമേഖലയിലെ ഗുണഭോക്താക്കള്‍ക്കുള്ള തുക 2025 ജൂലൈ മാസത്തില്‍ അനുവദിച്ച് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേക്ക് ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും സുസ്ഥിരമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും ട്രോളിങ് നിരോധനം അത്യാവശ്യമാണെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ട്രോളിങ് ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ വിതരണം കാര്യക്ഷമമാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ചെറുമത്സ്യങ്ങളെ പിടിച്ച് നശിപ്പിക്കുന്ന മത്സ്യബന്ധനരീതി കര്‍ശനമായി തടയും. അത്തരം യാനങ്ങള്‍ക്ക് ശക്തമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൂടാതെ എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Content Highlight: financial assistance to fishermen; Rs 20.94 crore sanctioned