Kerala
വിമാനപകടത്തില്‍ കൊലപ്പെട്ട രഞ്ജിതക്കെതിരായ അധിക്ഷേപ പരാമര്‍ശം; ഉദ്യോഗസ്ഥനെ പിരിച്ച് വിടാന്‍ കലക്ടറുടെ ശുപാര്‍ശ
കാസര്‍ക്കോട്: അഹമ്മദാബാദിലെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളിയായ രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാറെ പിരിച്ച് വിടാന്‍ ശുപാര്‍ശ. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. പവിത്രനെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടര്‍ച്ചയായ അച്ചടക്ക ലംഘനമുണ്ടായ സാഹചര്യത്തിലാണ് പിരിച്ച് വിടാന്‍ കലക്ടര്‍ ശുപാര്‍ശ ചെയ്തത്. റവന്യു വകുപ്പിനാണ് കലക്ടര്‍ ശുപാര്‍ശ കൈമാറിയത്.
തുടര്‍ച്ചയായി ചട്ടലംഘനം നടത്തുക, ഗുരുതരമായ വീഴ്ച്ചകള്‍ വരുത്തുക, സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനും സര്‍ക്കാര്‍ സര്‍വീസിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് മോശം പ്രതിച്ഛായ സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പവിത്രന് നേരെ ഉയര്‍ന്നിരിക്കുന്നത്. 2020ലും 2024ലും ഇയാള്‍ സമാനമായ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
മുന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമങ്ങളില്‍ മോശമായ കമന്റുകള്‍ പോസ്റ്റ് ചെയ്തതിന് പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്നൊക്ക ഈ സംഭവങ്ങളില്‍ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. എന്നാല്‍ ഇനി ഇത്തരത്തില്‍ വിട്ടയക്കാന്‍ കഴിയില്ലെന്ന് കലക്ടര്‍ തീരുമാനമെടുക്കുകയായിരുന്നു.
സമൂഹ മാധ്യമത്തിലൂടെയാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ രഞ്ജിതയെ അധിക്ഷേപിച്ചത്. സര്‍ക്കാര്‍ ജോലിയുണ്ടായിട്ടും യുവതി വിദേശത്തേക്ക് പോയെന്നും നായര്‍ സ്ത്രീകളുടെ പാരമ്പര്യം അറിയില്ലേയെന്നും കിട്ടേണ്ടത് കിട്ടിയെന്നുമായിരുന്നു രഞ്ജിതയുടെ മരണത്തില്‍ എ. പവിത്രന്‍ പ്രതികരിച്ചത്.
ദ്വയാര്‍ത്ഥ പ്രയോഗത്തോട് കൂടിയായിരുന്നു തഹസില്‍ദാരുടെ പോസ്റ്റ്. രഞ്ജിതയുടെ മരണത്തില്‍ അനുശോചിച്ച് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ ഇയാള്‍ കമന്റിടുകയിരുന്നു. സംഭവത്തില്‍ വിമര്‍ശനമുയര്‍ന്നതോടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീണ്ടും അധിക്ഷേപ കമന്റ് ഷെയര്‍ ചെയ്യുകയുമായിരുന്നു.
ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ റവന്യൂ വകുപ്പ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് റിപ്പോര്‍ട്ട്.
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരണപ്പെട്ട ഏക മലയാളി യാത്രക്കാരിയാണ് രഞ്ജിത. യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ ഇന്ന് (വെള്ളി) ഏറ്റുവാങ്ങും. ഡി.എന്‍.എ പരിശോധനക്കായി രഞ്ജിതയുടെ സഹോദരന്‍ രതീഷ് അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Content Highlight: Collector recommends dismissal of deputy tehsildar for making derogatory remarks against Ranjitha, who died in Ahamedabad plane crash