World News
ആരും മറ്റൊരാളുടെ നിലനില്‍പ്പിന് ഭീഷണിയാവരുത്; ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: പശ്ചിമേഷ്യയില്‍ ആശങ്ക പടര്‍ത്തുന്ന ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ഇരുരാജ്യങ്ങളും യുക്തിസഹമായി പ്രവര്‍ത്തിക്കണമെന്നും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയില്‍ ഏര്‍പ്പെടണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശ്വാസകളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. വളരെ ആശങ്കയോടെയാണ് നിലവിലെ സാഹചര്യങ്ങള്‍ നോക്കികാണുന്നതെന്നും ശാശ്വതമായ സമാധാനം കെട്ടിപ്പടുക്കുന്നതിനായി ആത്മാര്‍ത്ഥമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടണമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം തീവ്ര ദേശീയതക്കെതിരെയും ലിയോ പതിനാലാമന്‍ മാര്‍പാപ്പ വിമര്‍ശനമുന്നയിച്ചിരുന്നു. സംവാദങ്ങളിലൂടേയും സമവായത്തിലൂടേയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് തീവ്ര ദേശീയതയിലൂന്നിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിമര്‍ശിച്ചുകൊണ്ട് മാര്‍പാപ്പ പറയുകയുണ്ടായി.
ഒരു രാജ്യത്തേയോ ഒരു പ്രത്യേക നേതാവിനെയോ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയെ പോലെ തന്നെ യുദ്ധവിരുദ്ധ നിലപാടുകള്‍ തന്നെയാണ് പുതിയ മാര്‍പാപ്പയും സ്വീകരിച്ചത്. തന്റെ സ്ഥാനാരോഹണ സമയത്ത് ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ഗസയിലേയും ഉക്രൈനിലേയും സമാധാനത്തിനായി അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നു.
അതേസമയം റഷ്യയും ഇന്ത്യയും അടക്കമുള്ള ഇറാനും ഇസ്രഈലും തമ്മിലുള്ള സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലേക്ക് കടന്നുകയറി ആണവകേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തിയ ഇസ്രഈലിന്റെ നടപടി അത്യന്തം അപകടകരമാണെന്ന് റഷ്യ പ്രതികരിച്ചു. വിഷയത്തില്‍ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ റഷ്യയുടെ സ്ഥിരം പ്രതിനിധി വാസ്‌ലി അലെക്‌സിയോവിച്ച് നെബന്‍സിയ ആവശ്യപ്പെട്ടു.
ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഇസ്രഈലിനെ പിന്തുണക്കുമെന്ന് അമേരിക്കയും ഇറാനെ പിന്തുണക്കുമെന്ന് റഷ്യയും ആവര്‍ത്തിച്ചു. എന്നാല്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന നിലപാടില്‍ ഇരുരാജ്യങ്ങളും ഉറച്ച് നിന്നു.
Content Highlight: Pope Leo XIV says Iran-Israel conflict must end