national news
കേദാര്‍നാഥിലെ ഹെലികോപ്റ്റര്‍ അപകടം; കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്
ഡെറാഡൂണ്‍: കേദാര്‍നാഥിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കേസെടുത്ത് പൊലീസ്. ആര്യന്‍ ഏവിയേഷന്‍ കമ്പനിക്കെതിരെയാണ് കേസെടുത്തത്. ഓപ്പറേഷന്‍ മാനേജറടക്കം രണ്ട് പേര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കൗശിക് പഥക്, വികാസ് തോമര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ബി.എന്‍.എസ് സെക്ഷന്‍ 105, വിമാന നിയമത്തിലെ സെക്ഷന്‍ 10 എന്നിവ പ്രകാരമാണ് എഫ്.ഐ.ആര്‍.
കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിലേക്ക് പറന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടത്തില്‍ പൈലറ്റ് ഉള്‍പ്പടെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഏഴ് പേരും കൊല്ലപ്പെട്ടിരുന്നു.
അപകടത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഹെലികോപ്റ്റര്‍ കമ്പനിക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തിയത്. നിശ്ചയിച്ച് നല്‍കിയതിലും 50 മിനിട്ട് മുമ്പ് ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്തു, കാലാവസ്ഥ പ്രതികൂലമാണെന്ന് അറിഞ്ഞിട്ടും സര്‍വീസ് നടത്തി തുടങ്ങിയ വീഴ്ചകളാണ് ഉണ്ടായത്.
ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്ത സമയത്ത് പ്രദേശത്താകമാനം കാര്‍മേഘവും മൂടല്‍മഞ്ഞും നിറഞ്ഞിരുന്നതായും കണ്ടെത്തി. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വിലയിരുത്തുന്നതിനായി എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം നടത്തും.
ഇന്നലെ (ഞായര്‍) പുലര്‍ച്ചെ 5:20 നാണ് അപകടം നടന്നത്. 10 മിനിറ്റ് യാത്രയ്ക്കിടെ, ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയിലായിരുന്നു ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
പൈലറ്റിന് പുറമെ അഞ്ച് മുതിര്‍ന്നവരും ഒരു കുട്ടിയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്ന് ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡെവലപ്മെന്റ് അതോറിറ്റി (യു.സി.ഡി.എ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് അപകടത്തിപ്പെട്ടത്.
അപകടത്തിന് പിന്നാലെ ചാര്‍ ധാമിലേക്കുള്ള ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി ഡി.ജി.സി.എ നിര്‍ത്തിവെച്ചിരുന്നു. കന്നുകാലികള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയ നാട്ടുകാരാണ് അപകടവിവരം അധികൃതരെ അറിയിച്ചത്.
മെയ് രണ്ടിന് ഹിമാലയന്‍ ക്ഷേത്രമായ കേദാര്‍നാഥിന്റെ കവാടങ്ങള്‍ തുറന്നതിനുശേഷം ഉണ്ടാകുന്ന അഞ്ചാമത്തെ അപകടമാണിത്.
നേരത്തെ, ജൂണ്‍ ഏഴിന് കേദാര്‍നാഥിലേക്ക് പോകുകയായിരുന്ന ഒരു ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഒരു ഹൈവേയില്‍ ലാന്‍ഡ് ചെയ്തിരുന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് തീര്‍ത്ഥാടകര്‍ സുരക്ഷിതമായി രക്ഷപ്പെട്ടുവെങ്കിലും പൈലറ്റിന് നിസാരമായി പരിക്കേറ്റിരുന്നു.
Content Highlight: Helicopter accident in Kedarnath; Police register case against company