ഇറാന്‍ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്; തിങ്കളാഴ്ച പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്
ടെഹ്‌റാന്‍: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക് തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നാളെ (ജൂണ്‍ 23, തിങ്കള്‍) റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ചര്‍ച്ച നടത്തിയേക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്താംബുളില്‍ വെച്ച് നടന്ന ഒരു ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അബ്ബാസ് അരാഗ്ചി ഇക്കാര്യം പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
റഷ്യ ഇറാന്റെ സുഹൃത്താണെന്നും തങ്ങള്‍ എപ്പോഴും പരസ്പരം ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും അത്തരത്തിലുള്ള ഗൗരവമേറിയ ഒരു ചര്‍ച്ചക്കായാണ് റഷ്യയിലേക്ക് പോകുന്നത് എന്നുമാണ് അബ്ബാസ് അരാഗ്ചിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍. ഇറാനിലെ ഹോര്‍മൂസ് കടലിടുക്ക് അടക്കുന്നതുള്‍പ്പടെയുള്ള നിര്‍ണായക നീക്കങ്ങള്‍ സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ റഷ്യന്‍ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് യു.എസ്. ഇറാനില്‍ നടത്തിയ ആക്രമണത്തെ വിമര്‍ശിച്ചിരുന്നു. യു.എസ്. മേഖലയില്‍ പുതിയ യുദ്ധമുഖം തുറന്നിരിക്കുകയാണെന്നും സമാധാനപാലകനായെത്തിയ ട്രംപ് യുദ്ധം ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഈ യുദ്ധ വിജയത്തിലൂടെ ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കില്ലെന്നും മെദ്‌വദേവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കെതിരായ യു.എസ്. ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയാണ് ഇറാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യു.എസിന്റെ ആക്രമണത്തിന് പിന്നാലെ തന്നെ ഇറാന്‍ ഇസ്രഈലില്‍ ശക്തമായ പ്രത്യാക്രമണം നടത്തിയിരുന്നു. ടെല്‍ അവീവിലും ഹൈഫയിലും ജെറുസലേമിലും ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
പിന്നാലെ ആഗോള എണ്ണ, വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോര്‍മൂസ് കടലിടുക്ക് അടക്കാനുള്ള നിര്‍ദേശത്തിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതോട് കൂടി ആഗോള ഇന്ധന വിതരണത്തില്‍ തന്നെ വലിയ പ്രതിസന്ധി ഉടലെടുക്കുമെന്നും ഇത് വിലവര്‍ദ്ധനവ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് നയിക്കുമെന്നുമുള്ള ആശങ്കയിലാണ് ലോകം. ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന പാതയാണ് ഇപ്പോള്‍ ഇറാന്‍ അടക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഹോര്‍മൂസ് കടലിടുക്ക്.
CONTENT HIGHLIGHTS: Iran Foreign Minister to Russia; It is reported that he may meet with Putin on Monday