താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞ; തിരക്കിലാണെന്ന് മോദി; ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ ഓം ബിര്‍ള
ന്യൂദല്‍ഹി: ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയം നേടിയ ബി.എന്‍.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പങ്കെടുക്കും. ചൊവ്വാഴ്ചയാണ് ബി.എന്‍.പി അധ്യക്ഷന്‍ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
ഇന്ത്യയുടെ പ്രതിനിധിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നെങ്കിലും തിരക്കിലായതിനാല്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. അന്നേദിവസം മുംബൈയില്‍ മുന്‍കൂട്ടി തീരുമാനിച്ച പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
താരിഖ് റഹ്‌മാന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലേക്കുള്ള ബംഗ്ലാദേശിന്റെ മാറ്റത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. രാജ്യത്തിന്റെ സ്പീക്കര്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജനങ്ങള്‍ തമ്മിലുള്ള ആഴമേറിയതും സുസ്ഥിരവുമായ സൗഹൃദത്തെ ഊട്ടിയുറപ്പിക്കുന്നു.
രണ്ട് രാഷ്ട്രങ്ങളെയും ബന്ധിപ്പിക്കുന്ന ജനാധിപത്യ മൂല്യങ്ങളോടുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം സ്പീക്കര്‍ പങ്കെടുക്കുന്നതിനെ കുറിച്ച് വിശദീകരിച്ചു.
ഇന്ത്യയ്ക്ക് പുറമെ ചൈന, യു.എ.ഇ, സൗദി അറേബ്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ഖത്തര്‍, മലേഷ്യ, ബ്രൂണെ, മാലദ്വീപ്, ഭൂട്ടാന്‍ തുടങ്ങി 13 രാജ്യങ്ങളിലെ തലവന്മാരേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പാര്‍ലമെന്റ് ഹൗസിലെ സതേണ്‍ പ്ലാസയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതിന് ശേഷം അധികാരത്തിലേറിയ ഇടക്കാല സര്‍ക്കാരിനെ നയിച്ചിരുന്ന മുഹമ്മദ് യൂനുസും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
17 വര്‍ഷം വിദേശത്ത് കഴിഞ്ഞ താരിഖ് റഹ്‌മാന്‍ ഡിസംബറിലാണ് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയതും ബി.എന്‍.പിയെ തെരഞ്ഞെടുപ്പില്‍ നയിച്ചതും. ആകെ വിജയം പ്രഖ്യാപിച്ച 297 സീറ്റുകളില്‍ 212 സീറ്റ് നേടിയാണ് ബി.എന്‍.പി സഖ്യം ഭരണം നേടിയത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നയിക്കുന്ന സഖ്യത്തിന് 77 സീറ്റുകളും ലഭിച്ചു.
Content Highlight: Tariq Rahman’s oath taking ceremony; Speaker Om Birla to represent India




