Iran US Conflict
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആയുധ ഉത്പാദനം നാലിരട്ടിയാക്കാന്‍ യു.എസ്; പ്രതിരോധ കമ്പനികള്‍ സമ്മതിച്ചെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇറാനെതിരായ യു.എസ്, ഇസ്രഈല്‍ സംയുക്ത ആക്രമണം തുടരുന്നതിനിടെ ആയുധ ഉത്പാദനം നാലിരട്ടിയാക്കാന്‍ തീരുമാനിച്ച് യു.എസ്. ഇക്കാര്യം രാജ്യത്തെ പ്രമുഖ ആയുധ നിര്‍മാണ കമ്പനികളുമായി സംസാരിച്ചെന്നും കമ്പനികള്‍ സമ്മതമറിയിച്ചെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ക്ലാസായ ആയുധങ്ങളുടെ ഉത്പാദനം നാലിരട്ടിയായി വര്‍ധിപ്പിക്കാന്‍ യു.എസിലെ ഏറ്റവും വലിയ പ്രതിരോധ നിര്‍മാണ കമ്പനികള്‍ സമ്മതിച്ചതായി ട്രംപ് വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെ വെളിപ്പെടുത്തി.
അതേസമയം, മൂന്ന് മാസം മുമ്പ് തന്നെ കമ്പനികള്‍ ആയുധ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നെന്നും ട്രംപ് പറഞ്ഞു. ആയുധങ്ങളില്‍ പലതിന്റെയും പ്ലാന്റുകളും നിര്‍മാണവും ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും നിലവില്‍ യു.എസിന്റെ കയ്യില്‍ പലതരത്തിലുള്ള ആയുധങ്ങളുടെ വന്‍ ശേഖരമുണ്ടെന്നും ട്രംപ് വിശദീകരിച്ചു.
ഇറാന് പ്രത്യാക്രമണത്തില്‍ ഇസ്രഈലിന് ഒപ്പം പശ്ചിമേഷ്യന്‍ രാജ്യങ്ങളേയും ആക്രമിക്കാന്‍ തുടങ്ങിയതോടെ യു.എസ് താവളങ്ങളിലെ പ്രതിരോധ സംവിധാനങ്ങള്‍ തീര്‍ന്നു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അയണ്‍ ഡോം, ഡേവിഡ്സ് സ്ലിങ്, പേട്രിയറ്റ് ബാറ്ററികള്‍ തുടങ്ങിയ യു.എസ് ഇസ്രഈല്‍ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കുകയെന്ന ലക്ഷ്യത്തിലാണ് ഇറാന്റെ സാച്ചുറേഷന്‍ ആക്രമണങ്ങള്‍. ഇതോടെ യു.എസിന്റെ ആയുധ ശേഖരത്തിന്റെ സുസ്ഥിരതയ്ക്ക് ഇളക്കം തട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞദിവസം, ട്രംപ് ഭരണകൂടം ഇസ്രഈലിന് 151.8 മില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. യു.എസ് കോണ്‍ഗ്രസാണ് വിഷയത്തില്‍ തീരുമാനമെടുത്തത്.
‘ഇസ്രഈല്‍ സര്‍ക്കാരിന് ഉടനടി ആയുധങ്ങള്‍ വില്‍ക്കേണ്ട ഒരു അടിയന്തരാവസ്ഥ നിലവിലുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി കണ്ടെത്തുകയും അനുമതി നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബ്യൂറോ ഓഫ് പൊളിറ്റിക്കല്‍-മിലിട്ടറി അഫയേഴ്സ് വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.
Content Highlight: Middle East conflict: US to quadruple arms production; Trump says defense companies have agreed
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




