ഇറാന്‍ വെടിനിര്‍ത്തല്‍; സൗദി കിരീടവകാശിയുമായി ട്രംപ് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ യുദ്ധത്തെക്കുറിച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്.
സാധ്യമായ വെടിനിര്‍ത്തല്‍ ശ്രമങ്ങളെക്കുറിച്ച് ഇരുവരും ഫോണ്‍ സംഭാഷണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫോണ്‍ കോളിനെക്കുറിച്ച് അമേരിക്ക പ്രതികരിച്ചിട്ടില്ല.
ഇറാന്റെ ആണവ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍, പദ്ധതികളിലെ നടപടികള്‍, ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര സുരക്ഷ എന്നിവയുള്‍പ്പെടെ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ യു.എസ് പാകിസ്ഥാനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ തങ്ങള്‍ അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും ഈ നിര്‍ദേശങ്ങള്‍ തെറ്റാണെന്നും ഇറാന്‍ വ്യക്തമാക്കി. ഫെബ്രുവരി 28നാണ് ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക സംയുക്ത ആക്രണം ആരംഭിച്ചത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ ഉള്‍പ്പടെ നിരവധി നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പിന്നാലെ അമേരിക്കയുടെ സൈനിക താവളങ്ങളിലേക്കും ഇസ്രഈലിന്റെ കേന്ദ്രങ്ങളിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തുകയായിരുന്നു.
Content Highlight:Iran ceasefire; Trump reportedly discussed with Saudi crown prince




