Kerala News
മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സോഷ്യല്‍ മീഡിയയല്ല; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ മുതിര്‍ന്ന നേതാക്കള്‍
കൊച്ചി: കോണ്‍ഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കളായ ബെന്നി ബെഹനാനും കെ. മുരളീധരനും.
മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് വാട്സ്ആപ്പ് ഗ്രൂപ്പുകളോ സോഷ്യല്‍ മീഡിയയോ അല്ലെന്നും പാര്‍ട്ടി ഹൈക്കമാന്‍ഡാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ അതീവ വേദനാജനകമാണെന്ന് ബെന്നി ബെഹനാന്‍ എം.പി പറഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ വരാനിരിക്കുന്ന യു.ഡി.എഫ് വിജയത്തിന്റെ ശോഭ കെടുത്തുമെന്നും പ്രവര്‍ത്തകര്‍ക്ക് ഇത് വലിയ വിഷമമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേതൃത്വത്തിന്റെ തീരുമാനം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്നും സോഷ്യല്‍ മീഡിയയെ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലൊന്നും ഇത്തരമൊരു ചര്‍ച്ച നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സോഷ്യല്‍ മീഡിയ മാന്യത പാലിക്കണമെന്നും ഇത്തരം പ്രചാരണങ്ങളെ കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആയിരിക്കുമെന്നും അത് വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ ജോലിയല്ലെന്നുമായിരുന്നു കെ. മുരളീധരന്റെ നിലപാട്.
നാട്ടികയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുനില്‍ ലാലൂര്‍ ഫേസ്ബുക്കില്‍ മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടതിനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. പാര്‍ട്ടി വേദികളില്‍ പറയേണ്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിളിച്ചു പറയുന്ന രീതി ശരിയല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Social media should not decide the CM; Senior leaders against CM talks in Congress
ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




