എത്ര കള്ളപ്പണം വീണ്ടെടുത്തു? ആം ആദ്മി നേതാക്കളെ ലക്ഷ്യം വെച്ചുള്ള റെയ്‌ഡിൽ ചോദ്യവുമായി കെജ്‌രിവാൾ
ന്യൂദൽഹി: പഞ്ചാബിലെ ആം ആദ്മി നേതാക്കളെ ലക്ഷ്യം വെച്ച് ഇ.ഡി നടത്തിയ റെയ്‌ഡിൽ ചോദ്യവുമായി ദൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
ആം ആദ്മി നേതാക്കളുടെ വീടുകൾ ലക്ഷ്യമിട്ട് നടത്തിയ റെയ്ഡുകളിൽനിന്ന് യഥാർത്ഥത്തിൽ എന്തെങ്കിലും കണ്ടെടുത്തോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
മൂന്നുദിവസത്തിനിടെ രണ്ട് റെയ്‌ഡുകൾ ആം ആദ്മി പാർട്ടിയെ ലക്ഷ്യം വെച്ച് നടന്നെന്നും കെജ്‌രിവാൾ തന്റെ എക്‌സിലെ കുറിപ്പിൽ പറഞ്ഞു.
പഞ്ചാബ് വ്യവസായ മന്ത്രി സഞ്ജീവ് അറോറയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.
ലുധിയാനയിലും മറ്റിടങ്ങളിലും അറോറയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2024 ൽ ആം ആദ്മി നേതാവുമായി ബന്ധപ്പെട്ട കമ്പനികൾ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിവച്ചതായും റെസിഡൻഷ്യൽ പദ്ധതികൾക്കായി വ്യാവസായിക ഭൂമി ദുരുപയോഗം ചെയ്തതായും ഇ.ഡി ആരോപിച്ചു.
അറോറയ്ക്ക് നേരെയുള്ള ഇ.ഡി ആക്രമണം പഞ്ചാബിലെ തെരഞ്ഞെടുപ്പുകൾക്കുള്ള ബി.ജെ.പിയുടെ ഒരുക്കമാണെന്ന് മുതിർന്ന എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ എ.എ.പി രാജ്യസഭാ എം.പി അശോക് കുമാർ മിത്തലിന്റെ വീട്ടിലും, അദ്ദേഹത്തിനെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇ.ഡി റെയ്‌ഡ് നടന്നിരുന്നു.
രാഘവ് ഛദ്ദയ്ക്ക് പകരമായി മിത്തലിനെ രാജ്യസഭയിൽ ആം ആദ്മി പാർട്ടിയുടെ ഉപനേതാവായി നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് റെയ്ഡ് നടന്നത്.
Content Highlight: How much black money was recovered? Kejriwal questions raids targeting Aam Aadmi Party leaders




