22
April, 2026

A News 365Times Venture

22
Wednesday
April, 2026

A News 365Times Venture

യു.എസ് പടക്കപ്പലുകളെ കാഴ്ചക്കാരാക്കി ഇറാനിയന്‍ ടാങ്കര്‍ സില്ലി സിറ്റി തീരത്തെത്തി; നാവിക ഉപരോധം മറികടന്ന് ഇറാന്‍ സൈന്യം

Date:



World


യു.എസ് പടക്കപ്പലുകളെ കാഴ്ചക്കാരാക്കി ഇറാനിയന്‍ ടാങ്കര്‍ ‘സില്ലി സിറ്റി’ തീരത്തെത്തി; നാവിക ഉപരോധം മറികടന്ന് ഇറാന്‍ സൈന്യം

ടെഹ്റാന്‍: അമേരിക്കന്‍ നാവികസേനയുടെ ശക്തമായ ഉപരോധവും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളും അവഗണിച്ച് ഇറാനിയന്‍ എണ്ണ ടാങ്കര്‍ ‘സില്ലി സിറ്റി’ സുരക്ഷിതമായി രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതായി ഇറാന്‍.

യു.എസ് നാവിക ടാസ്‌ക് ഫോഴ്സിന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെ മറികടന്നാണ് ടാങ്കര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതെന്ന് ഇറാനിയന്‍ സൈന്യം ചൊവ്വാഴ്ച ഔദ്യോഗികമായി അറിയിച്ചു.

ഇറാനിയന്‍ നാവികസേനയുടെ പൂര്‍ണ്ണമായ സുരക്ഷാ വലയത്തിലും പിന്തുണയോടെയുമാണ് ‘സില്ലി സിറ്റി’ അറേബ്യന്‍ കടല്‍ കടന്നതെന്ന് സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഐ.ആര്‍.ഐ.ബി റിപ്പോര്‍ട്ട് ചെയ്തു.

‘യു.എസ് നേവി ഫ്‌ലീറ്റ് ഗ്രൂപ്പിന്റെ നിരവധി മുന്നറിയിപ്പുകളും നേരിട്ടുള്ള ഭീഷണികളും ഉണ്ടായിരുന്നിട്ടും, ഇറാനിയന്‍ ടാങ്കര്‍ ഇന്നലെ രാത്രിയോടെ പ്രാദേശിക ജലാശയത്തില്‍ പ്രവേശിച്ചു,’ സൈനിക പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ കപ്പല്‍ ഇറാനിലെ ഒരു തെക്കന്‍ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്.

ഏപ്രില്‍ 13 മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധത്തെത്തുടര്‍ന്ന് മേഖലയില്‍ കപ്പല്‍ ഗതാഗതം ദുഷ്‌കരമാണ്. കഴിഞ്ഞ ഞായറാഴ്ച, ഉപരോധ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് ഇറാനിയന്‍ പതാക വഹിച്ച ‘ടൗസ്‌ക’ എന്ന ചരക്ക് കപ്പല്‍ യു.എസ് നാവികസേന പിടിച്ചെടുത്തിരുന്നു.

ഇതിനെ ‘നിയമവിരുദ്ധമായ നടപടി’ എന്ന് വിശേഷിപ്പിച്ച ഇറാന്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സില്ലി സിറ്റിയുടെ വിജയകരമായ പ്രവേശനം ഇറാന്‍ ആഘോഷിക്കുന്നത്.

യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ഉപരോധം ആരംഭിച്ചതിന് ശേഷം ഇതുവരെ 27 വാണിജ്യ കപ്പലുകളോട് ഇറാനിയന്‍ തുറമുഖങ്ങളില്‍ നിന്ന് മടങ്ങാനോ റൂട്ട് മാറ്റാനോ അമേരിക്കന്‍ സേന നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ഊര്‍ജ്ജ ഇടനാഴിയായ ഹോര്‍മുസ് കടലിടുക്കിലെ അസ്ഥിരത ആഗോള ഷിപ്പിങ് വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സാധാരണ ഗതിയില്‍ പ്രതിദിനം 120 കപ്പലുകള്‍ കടന്നുപോകുന്ന ഈ റൂട്ടില്‍ ഗതാഗതം ഇപ്പോള്‍ മന്ദഗതിയിലാണ്.

യു.എസ് എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ശക്തമാണെങ്കിലും, ഇറാന്റെ ‘ഷാഡോ ഫ്‌ലീറ്റില്‍’ ഉള്‍പ്പെട്ട ഇരുപതിലധികം കപ്പലുകള്‍ ഇപ്പോഴും ഈ തര്‍ക്ക പ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്നതായി ലോയ്ഡ്‌സ് ലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്ഥാന്‍ മധ്യസ്ഥത വഹിച്ച 14 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ബുധനാഴ്ച അവസാനിക്കാനിരിക്കെ, അത് നീട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ട്.

‘ഒരു കരാറിലെത്തുന്നത് വരെ സമ്മര്‍ദം തുടരും. വെടിനിര്‍ത്തല്‍ അവസാനിക്കുന്നതോടെ ധാരാളം ബോംബുകള്‍ പൊട്ടാന്‍ തുടങ്ങും,’ എന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ സൈനിക സമ്മര്‍ദത്തിന് വഴങ്ങിയുള്ള ചര്‍ച്ചകള്‍ക്ക് തങ്ങളില്ലെന്നാണ് ഇറാന്റെ നിലപാട്. തങ്ങള്‍ ‘യുദ്ധക്കളത്തില്‍ പുതിയ കാര്‍ഡുകള്‍’ തയ്യാറാക്കുന്നുണ്ടെന്നും ഭീഷണിയുടെ നിഴലില്‍ ചര്‍ച്ചകള്‍ക്കില്ലെന്നും ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. മാത്രമല്ല യു.എസുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇറാന്‍.

Content Highlight: Defying naval blockade, Iranian tanker ‘Silly City’ reaches home waters as US warships look on




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related