Kerala News
പ്രസ്ഥാനത്തിലെ പാഷാണം; ബി.ജെ.പി നേതാവിനെതിരെ തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, കോലം കത്തിച്ചു
കോഴിക്കോട്: വടകരയില്‍ നേതാവിനെതിരെ തെരുവിലിറങ്ങി ബി.ജെ.പി പ്രവര്‍ത്തകര്‍. കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണയ്ക്കെതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
‘പ്രസ്ഥാനത്തിലെ പാഷാണം, പ്രസ്ഥാനത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പ്രഫുല്‍ കൃഷ്ണയുടെ കോലം പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജില്ലയിലെ ബി.ജെ.പിയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
വടകരയില്‍ നിന്ന് ശ്യാംരാജ് കുരിയാടി, നാദാപുരത്ത് നിന്ന് കെ. പത്മകുമാര്‍ എന്നിവര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ഒന്‍പതോളം ബി.ജെ.പി പ്രവര്‍ത്തകരും രംഗത്തെത്തി.
സംഭവം വിവാദമായതോടെ ശ്യാംരാജിനെയും പത്മകുമാറിനെയും ഒപ്പം ഇവരെ പിന്തുണച്ച പ്രവര്‍ത്തകരെയും ബി.ജെ.പി നോര്‍ത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയിരുന്നു. ഇതോടെയാണ് പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
തങ്ങളെ ഇല്ലാതാക്കാന്‍ നേതൃത്വം ശ്രമിക്കുന്നതായി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. അഴിമതി ആരോപണം നേരിടുന്നവരാണ് ഇത്തവണ മത്സരിച്ചതെന്നും ഇവര്‍ പറഞ്ഞു.
വടകര മണ്ഡലത്തില്‍ ശ്യാംരാജ് കുരിയാടിക്ക് പുറമെ വി.ടി. വിനീഷ്, എ.വി. ഗണേശന്‍ എന്നിവരെയും നാദാപുരം മണ്ഡലത്തില്‍ പത്മകുമാറിനൊപ്പം രവി മാസ്റ്റര്‍ വെള്ളൂര്‍, പി.പി. രാജന്‍, പി.കെ. ബിജീഷ്, നാണു മഞ്ചക്കല്‍, ഇ.കെ. ബാബു എന്നിവരെയാണ് ബി.ജെ.പി പുറത്താക്കിയത്.
ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോടെ ഇവരെ പുറത്താക്കുന്നു എന്നായിരുന്നു ബി.ജെ.പി കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.
Content Highlight: Pretest against BJP leader Praful Krishna, burned an effigy
ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




