ഇന്ത്യയും ചൈനയും മാനവപുരോഗതിയുടെ കളിത്തൊട്ടില്‍, യുദ്ധക്കുറ്റവാളിയായ ട്രംപ് ഉള്ളിടമാണ് നരകം; മറുപടിയുമായി ഇറാന്‍
ടെഹ്‌റാന്‍: ഇന്ത്യയെയും ചൈനയെയും നരകതുല്യമായ ഇടമെന്ന് വിശേഷിപ്പിച്ച ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍. ഇന്ത്യയും ചൈനയും നാഗരികതയുടെ കളിത്തൊട്ടിലാണെന്നും യുദ്ധക്കുറ്റവാളിയായ ട്രംപ് നില്‍ക്കുന്നിടമാണ് നരകം എന്നുമായിരുന്നു ഇന്ത്യയിലെ ഇറാന്‍ എംബസിയുടെ പ്രതികരണം.
‘ചൈനയും ഇന്ത്യയും മാനവപുരോഗതിയുടെയും നാഗരികതയുടെയും കളിത്തൊട്ടിലുകളാണ്. എവിടെ വെച്ചാണോ യുദ്ധക്കുറ്റവാളിയായ പ്രസിഡന്റ് ഇറാനെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്, ആ ഇടമാണ് നരകം,’ ഹൈദരാബാദിലെ ഇറാനിയന്‍ എംബസി എക്‌സിലെഴുതി.
China and India are the cradles of Civilization. In fact, the #hellhole is where its war-criminal president threatened to decimate the civilization in Iran.
— Iran In Hyderabad (@IraninHyderabad) April 23, 2026
ഭിന്നിപ്പിച്ച് ഭരിക്കുക, എന്നാല്‍ ട്രംപ് ഒരു ചട്ടവുമില്ലാതെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുക മാത്രമാണ് എന്ന് മറ്റൊരു പോസ്റ്റിലും ഇറാനിയന്‍ എംബസി വിമര്‍ശിച്ചു.
Divide and rule; but Trump is just dividing without any rule.#hellhole
— Iran In Hyderabad (@IraninHyderabad) April 23, 2026
നേരത്തെ റേഡിയോ അവതാരകനായ മൈക്കല്‍ സാവേജ് പങ്കുവെച്ച ഒരു കുറിപ്പ് ട്രംപ് പങ്കുവെച്ചാണ് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. അമേരിക്കയിലെ ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍, ഇന്ത്യയെയും ചൈനയെയും മറ്റ് ചില രാജ്യങ്ങളെയും നരകം (Hell Holes) എന്ന് സാവേജ് വിശേഷിപ്പിച്ചിരുന്നു.
ഈ പോസ്റ്റ് അമേരിക്കന്‍ പ്രസിഡന്റ് റീ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ അമേരിക്ക വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതരായിരുന്നു.
ഇന്ത്യയെ പ്രസിഡന്റ് അഭിനന്ദിച്ചിട്ടുണ്ടെന്നും ‘ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്, എന്റെ ഒരു അടുത്ത സുഹൃത്താണ് അവിടെ ഭരണനേതൃത്വത്തിലുള്ളത്’ എന്ന് അദ്ദേഹം പറഞ്ഞതായും ഇന്ത്യയിലെ അമേരിക്കന്‍ എംബസി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ട്രംപ് എപ്പോഴാണ് ഈ പരാമര്‍ശം നടത്തിയത് എന്ന കാര്യം ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
Content Highlight: Iran slams Donald Trump for calling India and China ‘hell holes’




