national news
ഇമേജ് തിരിച്ചുപിടിക്കാനുള്ള ഛദ്ദയുടെ കള്ളക്കളി പൊളിച്ച് ധ്രുവ് റാഠി; പോയ വില തിരികെ കിട്ടാനായി ഉപദേശവും
ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പിയിലെത്തിയ രാഘവ് ഛദ്ദയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നടക്കുന്ന കൃത്രിമത്വങ്ങള്‍ തുറന്നുകാട്ടി പ്രമുഖ ഇന്‍ഫ്‌ളുവന്‍സര്‍ ധ്രുവ് റാഠി.
പാര്‍ട്ടി മാറ്റത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഛദ്ദയ്ക്ക് 23 ലക്ഷത്തോളം ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ഈ തിരിച്ചടി മറികടക്കാന്‍ രാഘവ് ഛദ്ദ പണം നല്‍കി വ്യാജ ഫോളോവേഴ്‌സിനെ (ബോട്ടുകള്‍) വാങ്ങിച്ചുവെന്നാണ് ധ്രുവ് റാഠി ചൂണ്ടിക്കാട്ടുന്നത്.
Raghav Chadha Buying FAKE Followers? pic.twitter.com/NpshWdoNYr
— Dhruv Rathee (@dhruv_rathee) April 27, 2026
ഛദ്ദയെ പുതുതായി ഫോളോ ചെയ്യുന്ന മിക്ക അക്കൗണ്ടുകളും ഈ മാസം മാത്രം ക്രിയേറ്റ് ചെയ്തവയാണ്. ഈ അക്കൗണ്ടുകള്‍ക്ക് ഫോളോവേഴ്‌സ് ഇല്ലെന്നും, പലതിലും പ്രൊഫൈല്‍ ചിത്രങ്ങളോ പോസ്റ്റുകളോ പോലുമില്ലെന്നും ധ്രുവ് വീഡിയോയില്‍ വ്യക്തമാക്കുന്നു.
വീഡിയോയുടെ അവസാനം ധ്രുവ് റാഠി രാഘവ് ഛദ്ദയ്ക്ക് മൂന്ന് പ്രധാന ഉപദേശങ്ങളും നല്‍കുന്നുണ്ട്.
പ്രശസ്തി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എം.പി സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. പണം നല്‍കി ബോട്ട് ഫോളോവേഴ്‌സിനെ വാങ്ങുന്നത് നിര്‍ത്തുക. നിങ്ങളെ ഉയരങ്ങളിലെത്തിച്ച ജനതയ്ക്ക് തന്നെ താഴെയിറക്കാനും കഴിയുമെന്ന് ഓര്‍ക്കുക എന്നിങ്ങനെയാണ് റാഠിയുടെ ഉപദേശങ്ങള്‍.
രാഘവ് ഛദ്ദയുടെ ഈ ‘കള്ളക്കളി’ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
അതേസമയം, രാഘവ് ഛദ്ദയടക്കമുള്ള എം.പിമാരുടെ ബി.ജെ.പി ലയനം രാജ്യസഭാ അധ്യക്ഷന്‍ ശരിവെച്ചിരുന്നു.
ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നുള്ള അയോഗ്യത ഒഴിവാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് ഇവര്‍ അവകാശപെട്ടതോടെയാണ് കൂറുമാറ്റം സാധ്യമായത്.
ആം ആദ്മി പാര്‍ട്ടിക്ക് 10 രാജ്യസഭാ അംഗങ്ങളാണുണ്ടായിരുന്നത്, ഇതില്‍ 7 പേര്‍ കൂറുമാറിയതോടെ പാര്‍ട്ടിക്ക് സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നഷ്ടമായി. ഇതോടെ രാജ്യസഭയില്‍ ബി.ജെ.പിയുടെ കരുത്ത് വര്‍ധിക്കുകയും ആം ആദ്മി പാര്‍ട്ടി വന്‍ പ്രതിസന്ധിയിലാവുകയും ചെയ്തു.
ഛദ്ദയ്ക്ക് പുറമെസന്ദീപ് പഥക്, അശോക് മിത്തല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ നിര്‍ണായക നീക്കം നടന്നത്. ഇവര്‍ ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ നബീനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് പാര്‍ട്ടി പ്രവേശം സാധ്യമാക്കിയത്. മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്, സ്വാതി മലിവാള്‍, വിക്രംജിത് സിങ് സാഹ്നി, രാജീന്ദര്‍ ഗുപ്ത എന്നിവരും ഈ സംഘത്തിലുണ്ട്.
Content Highlight: Dhruv Rathee exposes Raghav Chadha
ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




