ഇറാനെതിരെ യുദ്ധത്തിന് യു.എസിനെ പതിറ്റാണ്ടുകളായി പ്രേരിപ്പിക്കുന്നു; ഇസ്രഈല്‍ ശ്രമിക്കുന്നത് പശ്ചിമേഷ്യയുടെ ഘടന മാറ്റാന്‍: ഖത്തര്‍ മുന്‍ പ്രധാനമന്ത്രി
ദോഹ: യു.എസിനെ ഇറാനുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഇസ്രഈല്‍ പതിറ്റാണ്ടുകളായി ശ്രമിച്ചിരുന്നതായി ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ഷെയഖ് ഹമദ് ബിന്‍ ജാസിം അല്‍ താനി. പശ്ചിമേഷ്യന്‍ മേഖലയെ മാറ്റിവരയ്ക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്നും ഖത്തര്‍ മുന്‍ പ്രധാനമന്ത്രി അല്‍ജറീയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പശ്ചിമേഷ്യന്‍ മേഖലയുടെ ഘടനമാറ്റാനുള്ള, ഇസ്രഈലിന്റെ പതിറ്റാണ്ടുകളായി തുടരുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇറാന്‍ യുദ്ധം. പശ്ചിമേഷ്യന്‍ മേഖല ഇപ്പോള്‍ ഒരു വലിയ ഘടനാമാറ്റത്തിന് സാക്ഷിയായിക്കൊണ്ടിരിക്കുകയാണെന്നും അല്‍ താനി പറഞ്ഞു.
1990കളില്‍ ബില്‍ ക്ലിന്റണ്‍ യു.എസ് പ്രസിഡനന്റായിരുന്ന കാലം മുതല്‍ നെതന്യാഹു അടക്കമുള്ള തീവ്ര നിലപാട് സ്വീകരിക്കുന്ന ഇസ്രഈലികള്‍ യു.എസിനെ ഇറാനെതിരായ യുദ്ധത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് അല്‍താനി പറഞ്ഞു. ഇറാന്‌റെ ആണവ പദ്ധതിയെപ്പറ്റിപ്പറഞ്ഞായിരുന്നു ആ ശ്രമങ്ങള്‍. ഒന്നാം ട്രംപ് ഭരണകൂടം അടക്കമുള്ള യു.എസ് മുന്‍ സര്‍ക്കാരുകള്‍ക്ക് പൂര്‍ണതോതിലുള്ള യുദ്ധത്തിലേക്ക് പോകാന്‍ സമ്മതമല്ലായിരുന്നെന്നും ഖത്തറിന്റെ മുന്‍ വിദേശകാര്യ മന്ത്രി കൂടിയായിരുന്ന അല്‍താനി പറഞ്ഞു.
ഇപ്പോള്‍ യു.എസിനെ ഒരു ‘മിഥ്യാബോധത്തിലേക്ക്’ എത്തിക്കുന്നതില്‍ നെതന്യാഹു വിജയിച്ചിരിക്കുകയാണെന്ന് അല്‍താനി അഭിപ്രായപ്പെട്ടു. ‘യുദ്ധം ഹ്രസ്വവും വേഗതയുള്ളതും ആയിരിക്കും എന്നും രണ്ടാഴ്ച കൊണ്ട് ഇറാന്‍ ഭരണകൂടം തകരുമെന്നും അയാള്‍ യു.എസ്. സര്‍ക്കാരിനെ ധരിപ്പിച്ചു,’ അദ്ദേഹം പറഞ്ഞു. നെതന്യാഹുവാണ് യുദ്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് എന്നും ‘വിശാല ഇസ്രഈല്‍’ എന്ന ആശയത്തിന് വേണ്ടി പശ്ചിമേഷ്യന്‍ മേഖലയെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും ഖത്തര്‍ മുന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കണം. ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേര്‍ക്ക് നടത്തിയ വ്യോമാക്രമണങ്ങളെ താന്‍ അപലപിക്കുന്നുണ്ടെങ്കിലും ഇറാനുമായുള്ള ഭൂമിശാസ്ത്രപരമായ അടുപ്പം കാരണം അവരോട് സഹവര്‍ത്തിത്വത്തിന്റെ രീതിയിലുള്ള ഇടപെടലുകള്‍ അനിവാര്യമാണെന്ന് അല്‍താനി പറഞ്ഞു.
നേരത്തെ ഗസയിലെ ഇസ്രഈലിന്റെ വംശഹത്യയെ ഷെയ്ഖ് ഹമദ് അപലപിച്ചിരുന്നു. ഫലസ്തീനികളെ ഗസയില്‍ നിന്ന് പലായനം ചെയ്യാന്‍ പ്രേരിപ്പിച്ച് ആ പ്രദേശത്തെ ജനസംഖ്യ ഇല്ലാതാക്കാനാണ് ഇസ്രഈല്‍ ശ്രമിക്കുന്നതെന്നാണ് ഇന്റലിന്‍സ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഹമാസിന്‌റെ നിരായുദ്ധീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള രാഷ്ട്രീയ സാഹചര്യത്തോടൊപ്പമാണ് ഉയര്‍ന്നുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Israel has tried to drag US into war on Iran for decades, says former Qatari PM




